ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 43.57 ലക്ഷം പേര് മരിച്ചു. നിലവില്‍ ഒരുകോടി അറുപത്തിയൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു.6.39 ലക്ഷം പേര് മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21,445 രോഗികളുമായി കേരളംതന്നെയാണ് എണ്ണത്തില്‍ മുന്നില്‍. ഇന്നലെ 585 പേര്‍കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4.3 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഇതുവരെ 3.21 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇവരില്‍ 3.13 കോടി പേര് രോഗമുക്തിനേടി. നിലവില്‍ 3.85 ലക്ഷം രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കോവിഡ് ബാധിച്ച് ആരും മരിച്ചില്ല എന്നത് ആശ്വാസമായി. കഴിഞ്ഞ ദിവസം പുതുതായി 49 പേര്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 0.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ടാം തരംഗം വ്യാപിച്ചശേഷം തലസ്ഥാനത്ത് എട്ടാം തവണയാണ് കോവിഡ് മരണങ്ങള് ഇല്ലാത്ത ദിവസം രേഖപ്പെടുത്തുന്നത്.