കോട്ടാങ്ങൽ : കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ബോധവത്കരണം നല്കുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ ക്വിസ്സ് മത്സരം നടത്തി. സെൻ്റ് ജോർജ്ജ് ഹൈസ്സ്കൂൾ ചുങ്കപ്പാറ, എൻ. എസ്സ് എസ്സ് ഹൈസ്കൂൾ വായ്പൂര്, അൽ ഹിന്ദ് പബ്ലിക്ക് സ്കൂൾ കോട്ടാങ്ങൽ, ക്രിസ്തുരാജ പബ്ലിക്ക് സ്കൂൾ ചുങ്കപ്പാറ, സെൻ്റ് ജോസഫ് എച്ച് എസ്സ് കുളത്തൂർ എന്നീ സ്കൂളുകളിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. ഇതിൽ വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ 18 ന് പഞ്ചായത്ത് തലത്തിൽ മത്സരം സംഘടിപ്പിക്കും.
സ്കൂൾ തലത്തിൽ നടത്തിയ മത്സരങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി. പിള്ള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ദീപ്തി എ എൽ, അതുൽ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ശോഭന കുമാരി, എം. എൽ. എസ് പി മാരായ സുമിത മോഹൻ, രാഗിണി. പി. നായർ , ദീപ സോമൻ എന്നിവർ മോണിറ്റർ ചെയ്തു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിന് നടത്തുന്ന ഈ പരിപാടിയുടെ വിജയികൾക്ക് സർട്ടിഫിക്കേറ്റുകളും നല്ല രീതിയിൽ പങ്കാളിത്തം വഹിക്കുന്ന സ്കൂളുകൾക്ക് ട്രോഫികളും നല്കുമെന്ന് മെഡിക്കൽ ആഫീസർ ഡോ. ലാവണ്യ രാജൻ അറിയിച്ചു.