സാക്ഷാൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും പ്രീമിയം ഫോണുകളെ വെല്ലുവിളിയ്ക്കാൻ പാകത്തിന് പുതിയ ഫോൺ പുറത്തിറക്കി പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുന്നതിൽ പ്രമുഖനാണ് ഷവോമി. ഈ പ്രത്യേകത തന്നെയാണ് ഷവോമിയെ ഇന്ത്യൻ വിപണിയിലെ മുൻനിരക്കാരിൽ ഒരാളാക്കിയത്. ഇത്തരത്തിൽ ഷവോമി 14, 14 പ്രോ എന്നീ രണ്ട് ഫോണുകൾ പുതിയതായി ഇറക്കി ആപ്പിളിന്റെയും സാംസങ്ങിന്റെയും പ്രീമിയം ഫോണുകൾക്ക് വെല്ലുവിളി ഉയർത്താം എന്ന പ്രതീക്ഷയിലാണ് ഷവോമി. നിലവിൽ ഈ ഫോണുകൾ ചൈനീസ് വിപണിയിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ എന്ന് എത്തും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും അധികം വൈകാതെ തന്നെ ഈ ഫോണുകൾ ഇന്ത്യയിൽ എത്തിക്കാൻ ആയിരിക്കും കമ്പനി ശ്രമിക്കുക.
അതേ സമയം ചൈനീസ് വിപണിയിൽ മികച്ച അഭിപ്രായമാണ് ഷവോമി 14, 14 പ്രോ എന്നീ ഫോണുകൾക്ക് ലഭിക്കുന്നത്. ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെ ഷവോമി ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷവോമി 13 സീരീസ് ഫോണുകളുടെ പിൻഗാമി ആയിരിക്കും ഈ പുതിയ സീരീസ് ഫോണുകൾ. ഷവോമിയുടെ പുതിയ ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ചൈനയിൽ അവതരിപ്പിച്ച ഷവോമി 14, 14 പ്രോ ഫോണുകളുടെ വില യഥാക്രമം 3,999 യുവാൻ, 4,999 യുവാൻ എന്നിങ്ങനെയാണ്. അതായത് ഇന്ത്യൻ മാർക്കറ്റിലെ 45,586 രൂപ, 56,986 രൂപ എന്നിങ്ങനെ.
പ്രോസസർ, ഡിസ്പ്ലേ, ക്യാമറ എന്നീ കാര്യങ്ങളിലെല്ലാം ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഷവോമി ഈ ഫോണുകൾക്കായി നൽകിയിരിക്കുന്നത്. 3,000 nits വരെ തെളിച്ചമുള്ളതായിരിക്കും ഫോണിന്റെ ടോപ്പ്-ടയർ OLED ഡിസ്‌പ്ലേ. ഇതിന് പുറമെ LEICA- ട്യൂൺ ചെയ്ത ക്യാമറകളും ഫോണിന്റെ മാറ്റ് കൂട്ടുന്നതായിരിക്കും. Snapdragon 8 Gen 3 SoC ആയിരിക്കും ഫോണിന് കരുത്ത് പകരുക. 120W വരെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററികളും ഫോണിൽ ഇടം പിടിച്ചേക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം രാജ്യത്ത് വളരെ അധികം ഉപഭോക്താക്കൾ ആശ്രയിക്കുന്ന ബ്രാൻഡാണ് ഷവോമി. സാംസങ്ങിനും ആപ്പിളിനും ശേഷം ഏറ്റവും ജനപ്രിയമായ ബ്രാൻഡ് എന്ന് പറഞ്ഞാലും അതിൽ തെറ്റ് ഉണ്ടാകില്ല. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റ കമ്പനികളിൽ രണ്ടാം സ്ഥാനത്താണ് ഷവോമി.