നിലവിൽ ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ടെക് ലോകത്തെ പ്രധാന സംസാര വിഷയം. സാംസങ് തങ്ങളുടെ ഫോൾഡബിൾ ഫോണുകളായ ഗാലക്സി ഇസഡ് ഫ്ലിപ് 5, ഫോൾഡ് 5 എന്നിവ പുറത്ത് ഇറക്കിയതോടെയാണ്. ഫോൾഡബിൾ ഫോണുകൾ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായി മാറിയത്. ഇതിന് മുമ്പെ മോട്ടറോളയും തങ്ങളുടെ മടക്കാവുന്ന ഫോൺ വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ വൺപ്ലസും തങ്ങളുടെ ഫോൾഡബിൾ ഫോൺ ഉടൻ പുറത്തിറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. വൺപ്ലസ് ഓപ്പൺ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ചിലപ്പോൾ ഈ മാസം തന്നെ പുറത്തിറക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ ഗൂഗിളിന്റെ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരുന്നെങ്കിലും ഇന്ത്യൻ മാർക്കറ്റിൽ ഇതുവരെ ഈ ഫോൺ വിൽപനയ്ക്ക് എത്തിയിട്ടില്ല. അതേ സമയം ഈ ഫോണുകളുടെ ഉയർന്ന വിലയാണ് സാധാരണക്കാരായ ഉപഭോക്താക്കളെ ഫോണിൽ നിന്ന് അകറ്റി നിർത്തുന്നത്.
എന്നാൽ ഇപ്പോൾ സാധാരണക്കാരുടെ പ്രിയ ബ്രാൻഡ് ആയ ഷവോമി പുതിയ ഫോൾഡബിൾ ഫോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പല പ്രീമിയം ഫോണുകളുടെയും ഫീച്ചറുകൾ ഉൾപ്പെടുത്തി സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഫോണുകൾ തയ്യാറാക്കുന്നതിൽ അഗ്രകണ്യനാണ് ഷവോമി. ആയതിനാൽ തന്നെ കമ്പനിയുടെ പുതിയ പ്രഖ്യാപനം ഏറെ ഏവേശത്തോടെയാണ് ആളുകൾ നോക്കി കാണുന്നത്. ഷവോമി മിക്സ് ഫ്ലിപ് എന്ന ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. മിക്സ് സീരീസിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക കൂടാതെ ഭാരം കുറഞ്ഞതും നേർത്തതുമായ മോഡൽ ആയിരിക്കും മിക്സ് ഫ്ലിപ്. അതേസമയം ഷവോമിയുടെ ആദ്യ തലമുറ ഫ്ലിപ്പ് ഫോണുകളാണ് മിക്സ് ഫോൾഡ് 3. കഴിഞ്ഞ ആഗ്സത് 14ന് ആണ് മിക്സ് ഫോൾഡ് 3 ഷവോമി ലോഞ്ച് ചെയ്തത്. ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് ഫോണുകളോട് ഏറെ സാമ്യമുള്ള ഫോണാണ് ഇത്. മികച്ച പ്രതികരണമാണ് മിക്സ് ഫോൾഡ് 3യ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം ചില ഷവോമി ഫോണുകൾ ചൈനീസ് വിപണിയിൽ മാത്രമായി പരിമിതപ്പെടുത്താറുണ്ട് കമ്പനിയുടെ മിക്സ് ഫ്ലിപ് ഇത്തരത്തിൽ പരിമിതപ്പെടുത്തിയാൽ വില കുറഞ്ഞ ഫോൾഡബിൾ ഫോൺ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ നിരാശയായിരിക്കും സമ്മാനിക്കുന്നത്.
എന്നിരുന്നാലും ഈ വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികമല്ല. പുറത്തു വരുന്ന ചോർച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വാർത്തകളാണ്. ഫോണിന്റെ ആധികാരിക വിവിരങ്ങൾ കമ്പനി തന്നെ പുറത്തു വിടേണ്ടതുണ്ട്. എന്തായാലും ഫോൾഡബിൾ ഫോണിന്റെ വിപണിയിൽ ശക്തമായ മത്സരം പ്രതീക്ഷിക്കാവുന്നതാണ്. കൂടുതൽ കമ്പനികൾ തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിൽ വിൽപന ആരംഭിച്ചിട്ടുണ്ട്.