പത്തനംതിട്ട : ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഏരീസ് കലാനിലയം ആര്‍ട്‌സ് ആന്റ് തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന കലാനിലയത്തിന്റെ മാസ്റ്റര്‍പീസ് നാടകം രക്തരക്ഷസ്സ് ചാപ്റ്റര്‍ 1 പത്തനംതിട്ടയില്‍ വരുന്നു. തിയേറ്ററിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട സെയ്ന്റ് പീറ്റര്‍ ജംഗ്ഷന് സമീപമുള്ള കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (ജിയോ ഗ്രൗണ്ട്) വെച്ച് കാല്‍നാട്ടുകര്‍മ്മം നഗരസഭാവികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ആര്‍. അജിത്ത്കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും ക്ഷേമ കാര്യവികസനകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി വര്‍ഗീസ്, കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് കെ എം രാജ, ഷാജി ഐസക്ക് കണ്ണംപുത്തൂര്‍, എബ്രഹാം വര്‍ഗീസ് തെങ്ങുംതറയില്‍, സി ഐ ടി യു സംസ്ഥാനകമ്മിറ്റി അംഗം ടി പി രാജേന്ദ്രന്‍, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി പി കെ ഗോപി, ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടറും രക്തരക്ഷസ്സ് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്തപത്മനാഭന്‍, ഏരീസ് കലാനിലയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം വിയാന്‍ മംഗലശ്ശേരി, ക്യാമ്പ് കോ-ഓര്‍ഡിനേഷന്‍ മാനേജര്‍ ജെ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അരനൂറ്റാണ്ടുമുമ്പ് കലാനിലയം അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് നാടകം രക്തരക്ഷസ്സ് രണ്ടു ഭാഗങ്ങളായാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ചാപ്റ്റര്‍ 1, ചാപ്റ്റര്‍ 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് രക്തരക്ഷസ്സ് നാടകം അവതരിപ്പിക്കുന്നത്. ചാപ്റ്റര്‍ 1 ആണ് പത്തനംതിട്ടയില്‍ അവതരിപ്പിക്കുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പുമായി സഹകരിച്ച് ‘ഏരീസ് കലാനിലയം’ എന്ന പേരിലാണ് രക്തരക്ഷസ്സ് അവതരിപ്പിക്കുന്നത്. സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള നൂതന സാങ്കേതികവിദ്യകളോടെയാണ് നാടകത്തിന്റെ സെറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. 7.1 ശബ്ദമികവോടെയാണ് നാടകം. ജനുവരി അവസാനവാരത്തോടെ നാടകം അവതരിപ്പിക്കും.