ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് വിട്ടുനിന്ന് മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭർ. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തിരുന്നത്. അതേസമയം, യോഗിയുമായി ഇടഞ്ഞുനിൽക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയിൽ ചേർന്ന മറ്റൊരു യോഗത്തിൽ മന്ത്രി രാജ്ഭർ പങ്കെടുക്കുകയും ചെയ്തു. യോഗി വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
വാരാണസി, ജൗൻപുർ, ഭദോഹി, ചന്ദൗലി ജില്ലകളിലെ എം.എൽ.എമാരുടെ യോഗം വാരാണസിയിലെ സർക്യൂട്ട് ഹൗസിലാണ് തിങ്കളാഴ്ച യോഗി ആദിത്യനാഥ് വിളിച്ചുചേർത്തത്.
സഹൂറാബാദിലെ എം.എൽ.എ എന്ന നിലയിൽ ഒ.പി. രാജ്ഭറും ഈ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയിൽ ലഖ്നൗവിൽ ചേർന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് യോഗി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് വിട്ടുന്നതെന്ന് എസ്.ബി.എസ്.പി പാർട്ടി വിശദീകരിക്കുന്നുണ്ട്. ലഖ്നൗവിലെ യോഗത്തിൽ പങ്കെടുക്കണമെന്ന് അധികൃതർ നേരത്തേ തന്നെ അറിയിച്ചിരുന്നതാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.