ഡൽഹി : ഡൽഹിയിൽ ഒരു സീറ്റിൽ പോലും മത്സരിക്കാനുള്ള യോഗ്യത കോൺഗ്രസിനില്ലെങ്കിലും ‘ഇന്ത്യ’ എന്ന മുന്നണിയുടെ ഭാഗമായി ഒരെണ്ണം നൽകാമെന്ന് ആം ആദ്മി പാർട്ടിയുടെ വാഗ്ദാനം. കോൺഗ്രസുമായി നടത്തിയ സീറ്റ് ചർച്ചകൾ ഫലം കണ്ടില്ലെന്ന് ആം ആദ്മി സംഘടനാകാര്യ ജനറൽ സെക്രട്ടറി സന്ദീപ് പാഠക് വ്യക്തമാക്കി. ഡൽഹിയിലെ 7 സീറ്റിൽ ആറിടത്തും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതോടെ ബംഗാൾ, പഞ്ചാബ് എന്നിവയ്ക്കു പുറമേ രാജ്യതലസ്ഥാനത്തും ഇന്ത്യ മുന്നണി വെന്റിലേറ്ററിലായിട്ടുണ്ട്.
ഡൽഹിയിൽ 3 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. പക്ഷെ, ഇന്ത്യ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും ബിജെപിയെ തോൽപിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ആം ആദ്മി ആവർത്തിച്ചിട്ടുണ്ട്. ഗോവയിൽ ഒരു സീറ്റിലും ഗുജറാത്തിൽ രണ്ടിടത്തും ആം ആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത നേരെത്തെ വ്യക്തമാക്കിയിരുന്നു.