ന്യൂഡൽഹി: നാല്പതുകാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ 23-കാരനായ പ്രതിക്ക് ഇടക്കാലജാമ്യം നൽകി സുപ്രീംകോടതി. പ്രതി ഒൻപതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യമനുവദിച്ചത്. രണ്ടുകൈയും ചേർന്നാലേ കൈയടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമർശിച്ച് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നുചൂണ്ടിക്കാട്ടിയ കോടതി അവർ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. ഇരുവരും ഒരുമിച്ച് ഏഴുതവണയാണ് ജമ്മുവിലേക്കുപോയത്.
അത് ഭർത്താവിന് പ്രശ്നമായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരേ പീഡനക്കുറ്റത്തിൽ കേസെടുത്തതെന്ന് ഡൽഹി പോലീസിനോടും കോടതി ചോദിച്ചു. ഇടക്കാലജാമ്യത്തിലുള്ളപ്പോൾ പരാതിക്കാരിയെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിർദേശിച്ചു. സാമൂഹികമാധ്യമ ഇൻഫ്ളുവൻസറായ യുവാവുമായി സ്വന്തം വസ്ത്രബ്രാൻഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടശേഷമാണ് പരാതിക്കാരി അടുപ്പത്തിലായത്. ഇവർതമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.