റാന്നി : അത്തിക്കയം വില്ലേജ് ഓഫീസിലേക്കുള്ള വഴിയില്‍ കാടുമൂടി കിടക്കാന്‍ തുടങ്ങീട്ട് നാളുകള്‍ ഏറെയായി. വെട്ടിത്തെളിക്കാൻ അധികൃതർ കൂട്ടാക്കുന്നില്ല. കൃത്യമായ വഴി സൗകര്യമില്ലാത്തതിനാൽ നിരവധിപ്പേരാണ് ബുദ്ധിമുട്ടുന്നത്. വില്ലേജ് ഓഫീസിലേക്ക് വരുന്നവർ തെന്നിവീണ് അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അപകടം മുന്നില്‍ കണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം ചിലവില്‍ കൈവരി പിടിപ്പിച്ചു നല്‍കിയതാണ് ഏക രക്ഷാമാര്‍ഗം.
പാറക്കെട്ടുകളുടെ മുകളിലൂടെ ഉരുളൻ കല്ലുകളിൽ ചവിട്ടി വേണം ഈ ഓഫീസിലേക്ക് സാധാരണക്കാർ എത്താൻ. പ്രായമായവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. പിടിച്ചു കയറാൻ പൂര്‍ണ്ണമായും കൈവരികളില്ലാത്തതും ദുരിതത്തിന് കാരമാകുന്നു. പല ആവശ്യങ്ങൾക്കും നികുതി രസീത് ആവശ്യത്തിനും ഭൂനികുതി ഒടുക്കാനും മറ്റും നിരവധി പേരാണ് ദിവസവും വില്ലേജ് ഓഫീസിൽ എത്തുന്നത്. സർട്ടിഫിക്കറ്റുകൾക്കും ഭൂനികുതിക്കും മറ്റു സുപ്രധാന ആവശ്യങ്ങൾക്കും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് താഴ്ന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നത് ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ്. ഇതിന് ഇതുവരെ പരിഹാരമായിട്ടില്ല.