ഡൽഹി : നാടിനെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന കൊവിഡ് 19 എന്ന വൈറസ് രോഗം നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്നു. മുതിർന്ന പൗരന്മാരെയാണ് കൊവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. കൊറോണ ഭീഷണി കഴിയും വരെ മുതിർന്ന പൗരന്മാർ തൽക്കാലം സുഹൃത്ത്, ബന്ധു സന്ദർശനങ്ങൾ ഒഴിവാക്കുക. കൂടാതെ ഇവരെ സന്ദർശിക്കുന്നതും ഒഴിവാക്കുകയാണ് ഉചിതം.
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ചൂടുകാലത്ത് സർവ്വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കൻപോക്‌സ്. വേരിസെല്ലസോസ്റ്റർ വൈറസാണ് ഇതു പടർത്തുന്നത്. ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്‌സിന്‍റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുൻപുള്ള ഒന്നോ, രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങളാണ്. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കൻപോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം.
ഏകദേശം 2 മുതൽ 6 ദിവസം വരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്‌സിൽ സാധാരണയാണ്. മിക്കവരിലും തലയിലും വായിലുമാണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകും. ചിക്കൻപോക്‌സിന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ, ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്.
രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരാൻ സാധ്യതയേറെയാണ്. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്.
പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചിക്കൻപോക്‌സ് ബാധിച്ചവർക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. ഫലപ്രദമായ ആന്‍റി വെെറൽ മരുന്നുകൾ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.