കിളിമാനൂര്‍ : ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാരിപ്പള്ളി കിഴക്കനേല കടമ്പാട്ടുകോണം മിഥുന് ഭവനില്‍ അച്ചു എന്ന മിഥുനെയാണ് (24) പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ 40 ലധികം ക്രിമിനല്‍ കേസുകളുണ്ട്. കഴിഞ്ഞ നവംബര്‍ 30ന് ഏഴു വയസ്സുകാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമയാണ്.
കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ 14 മാല പൊട്ടിക്കല്‍, പിടിച്ചുപറി കേസുകളും ഇയാളുടെ പേരിലുണ്ട്. മിഥുന് മാലപൊട്ടിക്കുന്നതിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. പലതവണ തമിഴ്നാട് പോലീസ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
ആഡംബര ബൈക്കുകളില്‍ സഞ്ചരിച്ച് സ്ത്രീകളെ അടിച്ചുവീഴ്ത്തി മാല പൊട്ടിച്ച് കടക്കലാണ് ഇയാളുടെ ശീലമെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല ഡിവൈ.എസ്.പി നിയാസിന്റെ നിര്‍ദേശാനുസരണം പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം. സഹില്‍, ബാബു, സി.പി.ഒമാരായ രാജീവ്, അജീഷ്, ഷമീര്‍, വിനീഷ്, സുജിത്ത്, രഞ്ജിത്, സിയാസ്, ബിജുമോന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ച വെട്ടിയറയിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.