കൊല്ലം : യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജോയിന്റ് കൗണ്‍സില്‍ നേതാവടക്കം നാലു പേര്‍ അറസ്റ്റില്‍. ഇടമുളയ്ക്കല്‍ പാളയംകുന്ന് പുത്തന്‍വിള വീട്ടില്‍ റിജിനെ (27) ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ പുനലൂര്‍ ഏരിയ സെക്രട്ടറി കോട്ടുക്കല്‍ ശ്രീനിലയത്തില്‍ ശ്രീദര്‍ശ് (33), പനച്ചവിള ചെറുകര പുത്തന്‍വീട്ടില്‍ ആള്‍ഡ്രിന്‍ തമ്പാന്‍ (33), ഇടമുളയ്ക്കല്‍ ചിഞ്ചുഭവനില്‍ ബാബുക്കുട്ടന്‍ (32), പനച്ചവിള റനീഷ് മന്‍സിലില്‍ റനീഷ് ഹമീദ് (33) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് റിജിന്‍ ആക്രമിക്കപ്പെട്ടത്. രാത്രി 11 ന് പനച്ചവിള പുത്താറ്റുവെച്ച് കാറിലെത്തിയ സംഘം റിജിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കൊടുവാള്‍കൊണ്ട് വെട്ടുകയുമായിരുന്നു.
പരിക്കേറ്റ് റോഡില്‍കിടന്ന റിജിനെ സുഹൃത്തുക്കള്‍ ഉടന്‍തന്നെ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഈ സമയം റിജിനെ ആക്രമിച്ചവര്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്നതാണ് കണ്ടത്. അക്രമികളെ പോലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് ഇവര്‍ ബഹളംവെച്ചു. ആരെയും സംരക്ഷിച്ചിട്ടില്ലെന്നും റിജിനെതിരേ പരാതിനല്‍കാനാണ് സംഘം സ്റ്റേഷനില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. പിന്നീട് റിജിനെ പോലീസ് ജീപ്പില്‍ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ റിജിന്‍ ചികിത്സയിലാണ്. അറസ്റ്റിലായ ആള്‍ഡ്രിന്‍ തമ്പാന്റെ ലോറി ഡ്രൈവറായിരുന്നു ബന്ധുവായ റിജിന്‍. എന്നാല്‍ പനച്ചവിളയിലെ ലോറി ഡ്രൈവര്‍മാര്‍ സ്വന്തമായി ലോറി വാങ്ങിയതോടെ ആള്‍ഡ്രിന്റെ ലോറി റിജിന്‍ ഓടിക്കാതായി. ഇതിന്റെ വൈരാഗ്യത്തിലാണ് റിജിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആള്‍ഡ്രിന്‍ തമ്പാന്റെ സുഹൃത്തുക്കളാണ് മറ്റു പ്രതികള്‍.