കോട്ടയം : വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ നട്ടെല്ലിനു താഴെ കുത്തിവീഴ്ത്തിയ യുവാവിനെ പോലീസ് പിടികൂടി. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) കുത്തിയത്. 22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം.
ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മഞ്ജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.