തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗം വ്യാപകമാകുമ്പോൾ ചെറുപ്പക്കാർക്കു മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കോവിഡ് കാലത്തുണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്നും അലക്ഷ്യമായി രോഗത്തെ കൈകാര്യം ചെയ്യുന്നത് ഗുരുതരാവസ്ഥയിലേക്കു നയിക്കുമെന്നുമാണ് മുന്നറിയിപ്പ്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നതനുസരിച്ച് ചെറുപ്പക്കാരിലെ മരണനിരക്കും വർധിക്കുകയാണ്.
ചെറുപ്പക്കാർക്കിടയിലെ തെറ്റിദ്ധാരണ രോഗം ഗുരുതരമാകുന്നതിനു കാരണമാകുന്നുണ്ടെന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.ആർ.അരവിന്ദ് പറയുന്നു. മുൻകരുതൽ എടുക്കാതെ ആശുപത്രിയിലേക്കു താമസിച്ചു വരുന്നതിനാലാണ് ചെറുപ്പക്കാർക്കിടയിൽ മരണം സംഭവിക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തിൽ ഒന്നും സംഭവിച്ചില്ല എന്ന ആത്മവിശ്വാസം ചെറുപ്പക്കാർക്കിടയിലുള്ളതും പ്രശ്നമാകുന്നുണ്ട്. ഒന്നാംഘട്ടത്തേക്കാൾ തീവ്രമാണ് ഇപ്പോൾ രോഗവ്യാപനം.
ചെറുപ്പക്കാർക്കിടയിലെ തെറ്റായ ധാരണ കോവിഡ് ബാധിക്കില്ലെന്നും തീവ്രമാകില്ലെന്നുമാണ്. 98 ശതമാനം ചെറുപ്പക്കാർക്കും ബാധിക്കണമെന്നില്ല. പക്ഷേ ശേഷിക്കുന്ന രണ്ടു ശതമാനം ഇപ്പോൾ കൂടുതലാണ്. 100 പേരിൽ 2 ചെറുപ്പക്കാർ മരിച്ചു എന്നതല്ല ഇപ്പോഴത്തെ സ്ഥതി. 10,000 പേരെ ബാധിക്കുമ്പോൾ മരണവും കൂടുന്നു. ചെറുപ്പക്കാരിൽ ശാരീരിക പ്രശ്നങ്ങളുള്ള രണ്ടു ശതമാനത്തെ നേരത്തെ കണ്ടുപിടിക്കാൻ കഴിയണം. നേരത്തെ കണ്ടുപിടിച്ചാൽ പ്രശ്നമില്ല – ഡോ.ആര്‍.അരവിന്ദ് പറയുന്നു.
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ പ്രായമായവരും ഇതര രോഗങ്ങളുള്ളവരുമാണ് കൂടുതലും മരിച്ചത്. പ്രായമായവരിൽ മിക്കവര്‍ക്കും ഇപ്പോൾ വാക്സീനെടുത്ത സംരക്ഷണം ഉണ്ട്. ചെറുപ്പക്കാർക്കു വാക്സിനേഷന്‍ സംരക്ഷണം ഇല്ലെന്നതും പ്രശ്നമാണ്. തിങ്കളാഴ്ചയാണ് 18–45 വയസ് പ്രായമായവർക്കു വാക്സിനേഷൻ ആരംഭിക്കുന്നത്.
ഒന്നാം തരംഗവും രണ്ടാം തരംഗവുമായി വ്യത്യാസമുണ്ടെന്നും രോഗം വരുന്ന ചെറുപ്പക്കാരെല്ലാം മരിക്കുന്നു എന്നതല്ല സാഹചര്യമെന്നും വിദഗ്ധർ പറയുന്നു. ഒന്നാം തരംഗത്തിൽ പ്രതിദിനം 12,000 കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു 15ഉം ആയിരുന്നെങ്കിൽ ഇപ്പോഴത് 40,000 കേസുകളും ടിപിആർ നിരക്കു 28 ശതമാനവുമാണ്. യുകെയിൽ രണ്ടാം തരംഗത്തിൽ കണ്ടെത്തിയ വൈറസ് വകഭേദം 55% മരണനിരക്കു കൂട്ടിയെന്നാണ് പഠനം. ഈ വൈറസ് കൂടുതൽ തീവ്രതയുള്ളതാണ് എന്നല്ല ഇതിനർഥമെന്നു വിദഗ്ധർ പറയുന്നു.
വൈറസ് വ്യാപനശേഷി കൂടുതലാണ്. കോവിഡ് കേസുകൾ കൂടുമ്പോൾ പരിചരണം ലഭിക്കാനുള്ള സാധ്യത കുറയും. ഡൽഹിയിലേതുപോലുള്ള അവസ്ഥ ഉണ്ടാകും. കേരളത്തിൽ ഇപ്പോഴും 100 പേർക്കു കോവിഡ് വന്നാൽ 3 പേർക്കാണ് ഗുരുതരമാകുന്നത്. അവർക്കാണ് അടിയന്തര ചികിൽസ വേണ്ടതും. ബാക്കിയുള്ളവർ വീട്ടിലിരുന്നാൽ മതി. 100പേർക്കു വന്നാൽ 3 പേർക്കു ഓക്സിജൻ വേണം അതിൽ 1.5 പേരാണ് ഐസിയുവിൽ എത്തുന്നത്. രോഗവ്യാപനം കൂടിയാൽ നൂറ് എന്നത് 1000 ആകും. 3 എന്നത് 30 ആകും. ആളുകൾ ആശുപത്രിയിലെത്തുന്നത് വൈകും.
ചെറുപ്പക്കാരിൽ രക്തസമ്മർദം, ഷുഗർ, അമിതവണ്ണം തുടങ്ങിയ ഘടകങ്ങളുള്ളവർ നേരത്തെ തന്നെ റിസ്ക് ചാർട്ടിലാണ്. ഇതൊന്നുമില്ലാത്ത ചെറുപ്പക്കാരിലും കുറച്ചാണെങ്കിലും മരണം ഉണ്ടാകുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ ആശങ്ക. രോഗപ്രതിരോധശേഷി കുറവുള്ളവർ 10,000 പേരിൽ ഒരാൾ ആയിരിക്കും. എന്നാൽ കോവിഡ് വ്യാപനശേഷി കൂടുമ്പോൾ ഇത്തരം ആളുകളിലേക്കു കൂടുതലായി രോഗം എത്തും.
പനി ഇല്ലെങ്കിലും ദേഹവേദന, മൂക്കൊലിപ്പ് ലക്ഷണം ഉണ്ടെങ്കിൽ കോവിഡ് ടെസ്റ്റ് ചെയ്യണം. റിസൾട്ട് നെഗറ്റീവാണെങ്കിലും അലംഭാവം പാടില്ല. കാരണം ആന്റിജൻ, ആർടിപിസിആർ ടെസ്റ്റ് 100 ശതമാനം കൃത്യമല്ല. നെഗറ്റീവാണെങ്കിലും വീട്ടിൽ ഐസലേഷനിൽ കഴിയണം.
ശ്വാസതടസം, നെഞ്ചുവേദന, കഫത്തിൽ രക്തം, തലകറക്കം, നെഞ്ചിടിപ്പ് കൂടുക, അമിതമായ ക്ഷീണം, ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. ‘ദിശ’ നമ്പരുമായോ (1056) പ്രാദേശിക ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടണം. പോസിറ്റീവായാലും നെഗറ്റീവായാലും ഇത് ശ്രദ്ധിക്കണം. പൾസ് ഓക്സീമീറ്റർ ഉണ്ടെങ്കിൽ വിശ്രമിക്കുമ്പോഴുള്ള ഓക്സിജന്‍ സാച്ചുറേഷൻ ലെവലും ആറു മിനിറ്റ് നടന്നശേഷമുള്ള ലെവലും നോക്കണം.
ലെവൽ കുറഞ്ഞാൽ സ്റ്റിറോയിഡ് ആരംഭിക്കാനുള്ള സമയമായി എന്നാണർഥം. വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നവരെ റെഡ്, യെല്ലോ എന്നീ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ടാൽ മൊബൈൽ ടീം വീട്ടിൽ വരും. റെഡ് വിഭാഗത്തിൽപ്പെട്ടവർ ഉടൻ ആശുപത്രിയിലെത്തിക്കേണ്ടവരാണ്. യെല്ലോ വിഭാഗത്തിൽപ്പെട്ടവർക്കു വീട്ടിൽ വൈദ്യസഹായം നൽകും.