കോഴഞ്ചേരി : തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലം മൂലമാണെന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാരിക്കല്‍ സാബുവിന്റെ മകള്‍ ജെയ്‌സി (18)യാണ് വ്യാഴാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ മരിച്ചത്.
കഴിഞ്ഞ 28 ന് കൊച്ചി അമൃത ആശുപത്രിയില്‍ പല്ലിന് കമ്പിയിടാന്‍ പോയപ്പോള്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തി വെയ്‌പെടുത്തു. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജെയ്‌സിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ കാണിച്ച് പരിശോധന നടത്തി മരുന്നും വാങ്ങി വീട്ടിലെത്തി. അന്ന് രാത്രി സ്ഥിതി വഷളായതിനെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അവിടെ നടത്തിയ സ്‌കാനിങ്ങില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി ചികില്‍സ തുടരുകയായിരുന്നു. മരണ കാരണം വാക്‌സിനേഷനാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാക്‌സിനേഷന്‍ കാരണം മരണമുണ്ടായതായി ആരോഗ്യ വകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാതാവ് റാന്നി സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപികയാണ്.