ഭോപ്പാൽ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോഡപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അപകട മരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ലഭിച്ചതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ഫെബ്രുവരി 12നാണ് പൂജ എന്ന 25കാരി മരിച്ചത്. ഗ്വാളിയോറിൽ നിന്ന് നൗഗാവിലേക്ക് മടങ്ങുമ്പോൾ ഷീത്‌ല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പൂജ മരിച്ചെന്നാണ് ഭർത്താവ് പ്രദീപ് ഗുർജാർ പറഞ്ഞത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും താൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും പ്രദീപ് പറഞ്ഞു. പക്ഷേ പ്രദീപിന്‍റെ മൊഴിയും സംഭവ സ്ഥലത്തെ തെളിവുകളും തമ്മിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വിശദമായി അന്വേഷണം തുടങ്ങി. അപകടം നടന്നതിന്‍റെ വ്യക്തമായ തെളിവുകളോ രക്തക്കറയോ ഒന്നും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല.
ഫോറൻസിക് പരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചതോടെ പൂജയുടേത് അപകട മരണമല്ല എന്ന് തെളിഞ്ഞു. തലയിലും വയറ്റിലും ശക്തമായ അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. താൻ പൂജയെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രദീപ് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം റോഡപകടമെന്ന് തെറ്റിദ്ധരിപ്പിച്ച് അറസ്റ്റിൽ നിന്ന് രക്ഷപ്പെടുന്ന ഒരു ക്രൈം സീരീസ് താൻ കണ്ടിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. സിസിടിവി ക്യാമറകളോ സാക്ഷികളോ ഇല്ലാത്ത സ്ഥലം കണ്ടുപിടിച്ച് പൂജയുടെ മൃതദേഹം കൊണ്ടുപോയി ഇടുകയായിരുന്നുവെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞു. പ്രദീപും കുടുംബവും പൂജയെ 5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പണം ലഭിക്കാതിരുന്നതോടെ പ്രദീപ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പ്രദീപിന്‍റെ അച്ഛൻ രാംവീർ ഗുർജാറിനും ബന്ധുക്കളായ ബൻവാരി, സോനു ഗുർജാർ എന്നിവർക്കെതിരെയും കേസെടുത്തു.