കൊല്ലം : വീട്ടിലെ ഇരുമ്പ് തൂണില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പുനുക്കന്നൂര്‍ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയോട് ചേര്‍ന്നുള്ള വരാന്തയിലെ ഇരുമ്പ് തൂണില്‍ നിന്നാണ് ഷോക്കേറ്റത്.
വരാന്തയിലേക്ക് പോയ വിനോദ് തൂണില്‍ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തെറിച്ചു വീണു. തുടര്‍ന്ന് അയല്‍ക്കാരെത്തി ലൈന്‍ ഓഫാക്കി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി വയറിന്റെ ഇന്‍സുലേഷന്‍ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. കുറ്റിയില്‍ മുക്ക് ആര്‍.കെ.സദനത്തില്‍ ഓമനയമ്മയുടെയും പരേതനായ കേശവന്‍കുട്ടി പിള്ളയുടെയും മകനാണ് വിനോദ്. റബര്‍ ബോര്‍ഡ് കോട്ടയം ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ അതുല്യ. ഒരു വയസുള്ള മകനുണ്ട്. വിനോദിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.