തൃശ്ശൂർ : സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനെല്ലൂർ ശ്രീമിഥുനത്തിൽ മണികണ്ഠൻ മകൻ മിഥുൻ (28) ആണ് മരിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ ചേലക്കോട് സെൻ്ററിനടുത്ത് ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ഒറ്റപ്പാലം ആശുപത്രിയിൽ ചികിത്സയിലുള്ള സഹപ്രവർത്തകൻ രാഹുലിനെ കാണാൻ രാഹുലിന്റെ സ്കൂട്ടറിൽ പോകവെയാണ് മിഥുൻ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ തോട്ടുചാലിലേക്ക് മറിയുകയായിരുന്നു. രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘത്തെ മറ്റൊരു കാർ യാത്രികനാണ് അപകടവിവരം അറിയിച്ചത്. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് മിഥുനെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.