ശ്രീലങ്ക : പട്ടം പറത്തലിനിടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഇതിന് മുന്‍പും വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ നിലത്ത് നിന്ന് 30 അടിയോളം ഉയര്‍ന്ന പട്ടത്തിന്‍റെ ചരടില്‍ ജീവന് വേണ്ടി യുവാവിന് തൂങ്ങിക്കിടക്കേണ്ടി വന്നത് ഒരു പക്ഷേ ആദ്യ സംഭവമാകാം. ശ്രീലങ്കയിലെ ജാഫ്നയിലെ പെഡ്രോയിലാണ് സംഭവമുണ്ടായത്. ഡിസംബര്‍ 20നായിരുന്നു അപകടം സംഭവിച്ചത്. ആറ് പേര്‍ ചേര്‍ന്നാണ് വമ്പന്‍ പട്ടം പറത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പട്ടം പറത്തിക്കൊണ്ടിരുന്ന ഒരാളെയും കൊണ്ട് ഭീമന്‍ പട്ടം പറന്ന് പൊന്തിയത്.
തയ് പൊങ്കലുമായി ബന്ധപ്പെട്ടാണ് ജാഫ്നയില്‍ പട്ടം പറത്തല്‍ മത്സരങ്ങള്‍ സജീവമാണ്. ആക്രി വസ്തുക്കളില്‍ നിന്നുപോലും വമ്പന്‍ പട്ടം ഒരുക്കി നിരവധിപ്പേരാണ് ഇവിടെ തയ്പൊങ്കല്‍ ആഘോഷസമയത്ത് മത്സരങ്ങളുടെ ഭാഗമാവുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ച വമ്പന്‍ പട്ടം പറത്തി പരീക്ഷിക്കാനെത്തിയ സംഘത്തിനാണ് പെഡ്രോയില്‍ വച്ച് അപകടമുണ്ടായത്. തുടക്കത്തില്‍ പട്ടം ഉയര്‍ന്ന് പൊങ്ങാന്‍ താമസം നേരിട്ടതോടെ ആറുപേരടങ്ങിയ സംഘം അലക്ഷ്യമായാണ് പട്ടവുമായി ഘടിപ്പിച്ചിരുന്ന ചണവള്ളി പിടിച്ചിരുന്നത്. എന്നാല്‍ പെട്ടന്ന് കാറ്റില്‍ പട്ടം ഉയരാന്‍ തുടങ്ങി.
സംഘത്തിലുണ്ടായിരുന്നവരുടെ കയ്യില്‍ നിന്ന് പട്ടത്തിന്‍റെ വള്ളി വിട്ടുപോയി. ഇതിനിടയില്‍ ഒരാളുടെ കരച്ചില്‍ കേട്ട് നോക്കുമ്പോഴാണ് 30 അടി ഉയരത്തില്‍ സംഘത്തിലൊരാള്‍ പട്ടച്ചരടില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇയാളോട് പിടിവിട്ട് നിലത്ത് വീഴാന്‍ ആവശ്യപ്പെട്ടപ്പോഴേയ്ക്കും പട്ടം ഏറെ ഉയരത്തിലായിരുന്നു. നിലത്തുവീണ യുവാവിന് കാര്യമായ പരിക്കില്ലെന്നതാണ് മാത്രമാണ് ആശ്വാസകരമായുള്ള വസ്തുത.