തൃശൂര്‍ : മാലദ്വീപിലെ ചരക്കുക്കപ്പലില്‍ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂര്‍ കാഞ്ഞാണി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ കെ.എസ് ആദിത്യനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. മാലിദ്വീപില്‍ നിന്ന് ഒമാനിലേയ്ക്കു പോകുകയായിരുന്ന ചരക്കുക്കപ്പലില്‍ ജോലിക്കാരനായിരുന്നു തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.എസ് ആദിത്യന്‍. കഴിഞ്ഞ പതിനഞ്ചിന് രാവിലെ അഞ്ചരയോടെ കപ്പലിലെ പാചകശാലയില്‍ ജോലിയ്ക്കു കയറേണ്ടതായിരുന്നു.
തലേന്നു രാത്രി 11.30 വരെ കപ്പലില്‍ ജോലി ചെയ്തിരുന്നു. പിന്നീട്, ആരും ആദിത്യത്തിനെ കണ്ടിട്ടില്ല. പാക്കിസ്ഥാന്‍ കടല്‍ മേഖലയിലാണ് ആദിത്യത്തിനെ കാണാതായതെന്ന് കപ്പല്‍ ജീവനക്കാര്‍ ബന്ധുക്കളെ അറിയിച്ചു. കപ്പലിന്റെ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദിത്യനെ കണ്ടെത്താനായില്ല. എം.പിമാര്‍ മുഖേന കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട് കുടുംബം.