കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വാഹനാപകടത്തില്‍ മരിച്ച യുവാവ് ആംബുലന്‍സിനു മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ്. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്ഷനില്‍ കറുകപ്പറമ്പില്‍ സെബാസ്റ്റ്യന്‍ തോമസ് (20) ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിന്‍റെത് ആത്മഹത്യയെന്ന് തെളിഞ്ഞത്. ആംബുലന്‍സ് വരുന്ന കണ്ട സെബാസ്റ്റ്യന്‍ അതിനു മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു.
അപകടമെന്നു കരുതിയ കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. വെള്ളിയാഴ്ച രാത്രി എട്ടോടെ മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപം റോഡില്‍ നിന്ന യുവാവ് ആംബുലന്‍സിനു മുന്നിലേക്കു ചാടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച രാവിലെ മരണം സംഭവിച്ചു.
കാലിനു പരിക്കേറ്റ് രണ്ടാഴ്ച മുന്‍പാണ് യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാള്‍ ആശുപത്രിയില്‍ നിന്നു കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പരിചരിക്കുന്നതിനായി ഒപ്പംനിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോഴാണു യുവാവ് കടന്നുകളഞ്ഞത്. യുവാവിനെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിതാവ്: പരേതനായ കെ.ജെ.തോമസ്. സംസ്‌കാരം നാളെ പുന്നപ്ര സെന്റ് മരിയ ജോണ്‍ വിയാനി പള്ളിയില്‍ നടക്കും.