കോഴിക്കോട് : കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാര്‍ വരണമെന്ന് കെ.മുരളീധരന്‍ എംപി. പരീക്ഷണമോ ഗ്രൂപ്പ് വീതം വെപ്പോ പാടില്ല. എംപിമാരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും ആരുടെയും പേര് മുന്നോട്ടുവെയ്ക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഓരോ ജില്ലയിലെയും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി സാധ്യതാ പട്ടിക തയ്യാറാക്കിയതിനു പിന്നാലെയാണ് കോഴിക്കോട്ടെ നിലപാട് മുരളീധരന്‍ വ്യക്തമാക്കിയത്. സമവായത്തിലൂടെ പ്രസിഡന്റിനെ തീരുമാനിക്കാന്‍ ശ്രമിക്കുമെന്നും ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനമെങ്കിലും ഇത്തവണ എ ഗ്രൂപ്പിനു മുന്നോട്ടുവയ്ക്കാന്‍ കാര്യമായ പേരുകളൊന്നുമില്ല. ഐ ഗ്രൂപ്പിലാകട്ടെ എന്‍. സുബ്രഹ്മണ്യന്‍, കെ. പ്രവീണ്‍കുമാര്‍, പി.എം. നിയാസ്, കെ.പി. അനില്‍കുമാര്‍, കെ. ജയന്ത് തുടങ്ങി നിരവധി പേരുണ്ട്.
എന്നിരുന്നാലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, എംപിമാരായ കെ.മുരളീധരന്‍, എം.കെ. രാഘവന്‍, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെയൊക്കെ അഭിപ്രായം കൂടി പരിഗണിച്ചേ അന്തിമ തീരുമാനമെടുക്കാനാകൂ. 2001നു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് കോണ്‍ഗ്രസിന് ഒരു എംഎല്‍എയുണ്ടായിട്ടില്ല. ആ നാണക്കേട് തിരുത്തുകയെന്നതായിരിക്കും പുതിയ പ്രസിഡന്റിന് മുന്നിലെ പ്രധാന വെല്ലുവിളി.