പാലക്കാട് : മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്കരമെന്ന് റവന്യു മന്ത്രി കെ രാജന്‍. രക്ഷാദൗത്യത്തിന് കരസേനയും എത്തും. പുല്ലൂരില്‍ നിന്നാണ് പ്രത്യേക സംഘം എത്തുകയെന്നും മന്ത്രി പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ ഇന്നിനി പോകില്ല. സന്ധ്യയാകുന്നതിനാലാണ് പോകാനാകാത്തത്. ഭക്ഷണവും വെളളവും ഹെലികോപ്ടറില്‍ എത്തിക്കുന്നതിന്‍റെ സാധ്യതയും ആരാഞ്ഞു. എന്നാല്‍ കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങില്‍ വിലയിരുത്തല്‍ ഉണ്ടായത്.
യുവാവിനെ രാത്രിക്ക് മുന്‍പ് രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍ഡിആര്‍എഫിന്‍റെ രണ്ട് സംഘങ്ങള്‍ 700 ഉം 500 ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആന്‍റി ടെററിസ്റ്റ് സ്ക്വാഡില്‍ നിന്നും പര്‍വതാരോഹണത്തില്‍ വിദഗ്ധരായ സംഘമെത്തും. ജില്ലാ കളക്ടര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തന്നെ യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി കോഴിക്കോട് നിന്നും പര്‍വ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുവാനാണ് ആലോചിക്കുന്നത്.
ചെറാട് സ്വദേശി ബാബുവാണ് ഇന്നലെ മലയിലെ പാറയിടുക്കില്‍ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കള്‍ തിരിച്ചു ഇറങ്ങുകയും ഇയാള്‍ മലയില്‍ കുടുങ്ങുകയും ആയിരുന്നു. മലയിറങ്ങുന്നതിനിടെ പാറയിടുക്കിലേക്ക് യുവാവ് വീഴുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് പിന്നെ ഇയാള്‍ക്ക് മുകളിലേക്ക് കേറി വരാനായില്ല. ഇയാളെ രക്ഷിക്കാന്‍ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.കഷ്ടിച്ച മൂന്നടി നീളമുള്ള ഒരു മലയിടുക്കിലാണ് യുവാവുള്ളത്. ഇവിടേക്ക് മറ്റു മൃഗങ്ങള്‍ക്കും ഒന്നും എത്തിച്ചേരാന്‍ പറ്റില്ല. എന്നാല്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് ഒറ്റയ്ക്ക് അധികം സമയം അവിടെ തുടരാനുമാവില്ല.