എടക്കര : ഭർത്തൃഗൃഹത്തിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർത്തൃസഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. എടക്കര ഉണിച്ചന്തം അരീക്കുളങ്ങര അൻവർസാദിഖ് (38), സഹോദരൻ അബ്ദുൾറസാഖ് (40) എന്നിവരെയാണ് നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ എബ്രഹാം അറസ്റ്റുചെയ്തത്. അൻവർസാദിഖിന്റെ ഭാര്യ മമ്പാട് നടുവക്കാട് ചപ്പത്തൊടിക സെലീന (36) യാണ് നവംബർ ഒന്നിന് ഉണിച്ചന്തയിലെ വീട്ടിൽ തീപ്പൊള്ളലേറ്റു മരിച്ചത്. മകളുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് പിതാവ് അലവി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സെലീനയുടെ മരണത്തിന് രണ്ടുദിവസം മുൻപാണ് ഭർത്താവ് വിദേശത്തുനിന്നെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസികപീഡനത്തിന് യുവതി ഇരയായതായി പോലീസ് പറഞ്ഞു. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുൾ ഇവരുടെപേരിൽ ചുമത്തിയിട്ടുണ്ട്. പ്രതികളെ നിലമ്പൂർ കോടതി റിമാൻഡ്ചെയ്തു.
ഇൻസ്പെക്ടർ മഞ്ജിത്ലാൽ, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ എം.അസൈനാർ, അഭിലാഷ് കൈപ്പിനി, കെ.ടി ആസിഫ് അലി, ടി.നിബിൻ ദാസ്, ജിയോ ജേക്കബ്, എ.എസ്.ഐ രതീഷ, പോലീസുകാരായ ശശി, സലീന, ഫാസിൽ കുരിക്കൾ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.