പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി. മലയാലപ്പുഴ താഴം പത്തിശ്ശേരിയിൽ കൃഷ്ണ നിവാസ് വീട്ടിൽ നിന്നും തുമ്പമൺ തൃക്കാർത്തിക വീട്ടിൽ താമസം അർജ്ജുൻ ദാസി (42) നാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം ജില്ലക്കുള്ളിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 15(1)(ബി ) പ്രകാരമാണ് നടപടി. ഡി ഐ ജി എസ് അജിത ബേഗത്തിന്റെ ഈമാസം 26 ലേതാണ് ഉത്തരവ്. നിയമത്തിലെ വകുപ്പ് 3(1) പ്രകാരം അധികാരപ്പെടുത്തപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ ജനുവരി 24 ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് നടപ്പാക്കിയ ഇന്നു മുതൽ 6 മാസത്തേക്ക് ഇയാൾ തന്റെ യാത്രാവിവരങ്ങൾ പത്തനംതിട്ട ഡി വൈ എസ് പിയെ അറിയിക്കണം.ഈ കാലയളവിൽ ജീവനോപാധികൾക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കോ ഒഴികെയുള്ള ഓരോ ആഴ്ചയിലെയും സഞ്ചലന വിവരം എല്ലാ ശനിയാഴ്ചയും പകൽ പത്തിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സമയം ഡിവൈഎസ്പിയെ അറിയിക്കേണ്ടതാണ്. ഉത്തരവ് നിലനിൽക്കുന്ന കാലയളവിൽ വ്യവസ്ഥകൾ ലംഘിക്കുകയോ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമത്തിലെ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഇയാളുടെ സഞ്ചലന വിവരം ഡിവൈഎസ്പി ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ലംഘനമുണ്ടായാൽ അനന്തര നടപടികൾക്കായി ഇത് ഉപയോഗിക്കേണ്ടതാണെന്നും ഉത്തരവിൽ നിർദേശിക്കുന്നു.