മുംബൈ: നാലുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്ന 34കാരനാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടി മരിച്ചു എന്നു കരുതി ഇയാള്‍ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ചാക്കില്‍ അനക്കം കണ്ട് പ്രദേശവാസികളായ ആളുകള്‍ പൊലീസിനെ വിവരം അറിയിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സാന്‍റക്രൂസില്‍ താമസക്കാരനായ യുവാവ് അന്ധേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരനാണ്. കമ്പനിയിലെ ബസ് ഡ്രൈവറായ ഇയാള്‍ വാഹനം എപ്പോഴും പാര്‍ക്ക് ചെയ്യുന്നത് ഭയന്ദറിലുള്ള സുഭാഷ് ചന്ദ്രബോസ് ഗ്രൗണ്ടിന് സമീപമാണ്.
സംഭവം നടക്കുന്ന ദിവസം ഉച്ചയോടെ സമീപത്തെ ചേരിയിലെ കുട്ടികള്‍ ഈ ബസിനുള്ളില്‍ കളിക്കാനെത്തിയിരുന്നു. ഡ്രൈവറും സഹായിയും ഈ സമയം മദ്യപിക്കാന്‍ പോയിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഒരു മണിയോടെ മടങ്ങിയെത്തിയ പ്രതി ബസ് സ്റ്റാര്‍ട്ട് ചെയ്ത് പുറപ്പെടാനൊരുങ്ങി. ബസ് സ്റ്റാര്‍ട്ട് ചെയ്തതും മറ്റു കുട്ടികള്‍ ചാടിയിറങ്ങിയെങ്കിലും ഇരയായ നാലുവയസുകാരിക്ക് ഇറങ്ങാനായില്ല. ഈ കുട്ടികള്‍ കരഞ്ഞു ബഹളം വച്ചെങ്കിലും ഡ്രൈവര്‍ അത് കേള്‍ക്കാതെ ബസുമായി പോവുകയായിരുന്നു.
ഇതിനിടെ കുട്ടികള്‍ നല്‍കിയ വിവരം അനുസരിച്ച് നാലുവയസുകാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതിയെ തിരക്കി നടക്കുന്നതിനിടെ ഒഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തി ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ ശ്വാസം മുട്ടിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച ഇയാള്‍ ചാക്കില്‍ കെട്ടി ഒരു പെട്രോള്‍ പമ്പിനു സമീപം ഉപേക്ഷിച്ചു. ചാക്കില്‍ അനക്കം കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇവരെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തുവെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു .
–
സംഭവത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയെ അധികം വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തിയ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം എന്നിവയ്ക്കു പുറമെ പോക്സോ ആക്‌ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിസംബര്‍ 28വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.