പള്ളിക്കത്തോട് : സ്വകാര്യ ക്ലിനിക്കിൽ കയറി പണം മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇടുക്കി, ഉടുമ്പന്നൂർ സ്വദേശി അബ്ദുൽ സലാമിനെയാണ് (29) അറസ്റ്റ് ചെയ്തത്. ആഗസ്റ്റിൽ ആനിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽനിന്ന് പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വാഹനക്കച്ചവടത്തിന് സുഹൃത്തുക്കളുമായി ക്ലിനിക്കിലെത്തിയ ഇയാൾ ഇതേക്കുറിച്ച് സംസാരിച്ചശേഷം മേശയിൽനിന്ന് 14,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് എസ്.ഐ റെയ്നോൾഡ്, എ.എസ്.ഐ റെജി, സി.പി.ഒമാരായ രാഹുൽ, മധു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.