പത്തനംതിട്ട: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച രീതിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ശനിയാഴ്ച പത്തനംതിട്ട കളക്ടറേറ്റിനു മുമ്പില്‍ പ്രതിഷേധിച്ചവരില്‍ ഏറെപ്പേര്‍ക്കും തലയ്ക്കാണ് പരിക്ക്. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി. കണ്ണന് അടക്കമുള്ളവര്‍ക്ക് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റവര്‍ക്കടക്കം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമായതുമില്ല.
കോവിഡ് ആശുപത്രിയായതിനാല്‍ ന്യൂറോവിഭാഗത്തിന്റെ പരിശോധന ഉണ്ടായതില്ല. മെഡിക്കല്‍ കോളജിലേക്കോ മറ്റോ റഫര്‍ ചെയ്യാതെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഒപി വിഭാഗത്തില്‍ ശ്രമിച്ചത്. ഇതിനു പിന്നിലും പോലീസിന്റെ സമ്മര്‍ദമുണ്ടായതായാണ് ആരോപണം. സമരം നടക്കുന്ന സ്ഥലത്ത് പ്രവര്‍ത്തകരുടെ അഞ്ചിരട്ടി പോലീസ് സര്‍വസന്നാഹങ്ങളുമായി ഉണ്ടായിരുന്നു. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോഗിച്ചശേഷം പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പോലീസിന് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാമായിരുന്നു. ലാത്തിച്ചാര്‍ജിനു മുമ്പ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയില്ല. സ്ഥലത്ത് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് ആജ്ഞാപിക്കുമ്പോഴാണ് ലാത്തിവിശേണ്ടത്. എന്നാല്‍ ഇതുണ്ടാകുന്നതിനു മുമ്പേ പോലീസുകാര്‍ ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. ലാത്തി വീശുമ്പോള്‍ മുട്ടിനു താഴെ മാത്രമെ അടിക്കാവൂവെന്നും തലയ്ക്ക് അടിക്കരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വകുപ്പ്തല ഉത്തരവിറക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ലാത്തിയില്‍ ആണിതറച്ചു വെച്ചത് മുന്‍കൂട്ടി ഉപദ്രവിക്കാന്‍ തിരുമാനിച്ചിരുന്നതിന്റെ തെളിവാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഡ്യൂട്ടിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും നമ്പറും നെയിംബോര്‍ഡും കാണത്തക്ക നിലയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിയമം പാലിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ക്ക് എല്ലാം തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്കാനിംഗില്‍ എം.ജി. കണ്ണന്റെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂറോ സംബന്ധമായ തുടര്‍പരിശോധന എം. ജി. കണ്ണന് ആവശ്യമായിട്ടും കോവിഡ് പറഞ്ഞ് ഡിസ്ചാര്‍ജാക്കി. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിലാക്കിയില്ല.നിരവധി മനുഷ്യവകാശ ലംഘനങ്ങളാണ് പോലീസ് നടത്തിയിട്ടുള്ളതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജോണ്സണ് വിളവിനാലും വി.ആര്. സോജിയും കുറ്റപ്പെടുത്തി. നാളെ മനുഷ്യാവകാശ കമ്മീഷനില്‍ ഇതു സംബന്ധിച്ചു പരാതികള്‍ നല്‍കും.
കമ്മീഷന്റെ ഇതു സംബന്ധിച്ചിട്ടുള്ള മുന്‍ ഉത്തരവുകള്‍ ചുണ്ടിക്കാട്ടിയാണ് ഹര്‍ജിയെന്ന് ജനറല്‍ സെക്രട്ടറിമാര്‍ പറഞ്ഞു. ഇതു കൂടാതെ പരിക്ക് പറ്റിയവര്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 200 പ്രകാരം സ്വകാര്യ അന്യായവും നഷ്ടപരിഹാരത്തിനു സിവില്‍ കേസുകളും പ്രത്യേകം നല്‍കും. ലാത്തിച്ചാര്‍ജിനെ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.