മൂന്നാര്‍: മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനില്‍ പി.ഹരിഹരസുതന്‍ (36), പിതാവ് എം.പരമന്‍ (67) എന്നിവരെയാണ് മൂന്നാര്‍ എസ്എച്ച്ഒ രാജന്‍.കെ അരമനയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇരുവരെയും ദേവികുളം കോടതിയില്‍ ഹാജരാക്കിയ റിമാന്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മാട്ടുപ്പെട്ടി മുന്‍ മണ്ഡലം പ്രസിഡന്റാണ് ഹരിഹരസുതന്‍. ശനിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി ഇക്കോ പോയിന്റില്‍ വച്ചാണ് സംഭവം.
തിരുവനന്തപുരം മാണിക്യവിള സ്വദേശികളായ 18 അംഗ സംഘം ഇക്കോ പോയിന്റ് സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇവരുടെ ഗ്രൂപ്പ് ഫോട്ടോ ആവശ്യപ്പെട്ട പ്രകാരം സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തി. പിന്നീട് ചിത്രങ്ങളുടെ ചാര്‍ജ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ സംഘം ചേര്‍ന്ന് ക്യാമറ ഉപയോഗിച്ച് സന്ദര്‍ശകരിലൊരാളായ എ.അല്‍ജര്‍സാദ് എന്നയാളെയും ഒരു സ്ത്രീയെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എസ്ഐ അജേഷ് കെ.ജോണിന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയത്. പരുക്കേറ്റവര്‍ ചൂണ്ടി കാണിച്ച ഒരാളെ പോലീസ് വാഹനത്തില്‍ കയറ്റിയതോടെയാണ് വഴിയോര കച്ചവടക്കാരും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോലീസിനെ ആക്രമിച്ചത്. എസ്ഐയുടെ നെയിംബോര്‍ഡ് ഉള്‍പ്പെടെ ഇവര്‍ കീറി നശിപ്പിച്ചു. സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന വനിതാ ഉദ്യോഗസ്ഥ സിന്ധുവിന്റെ കൈയില്‍ നിന്നും ബലമായി ഫോണും സംഘം പിടിച്ചു വാങ്ങി. ഇതിനിടയിലാണ് സംഘത്തില്‍ പെട്ട ഹരിഹരസുതനെയും പിതാവിനെയും പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.