തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെയാണ് പരാതി. വിഷ്ണുവിന്റെ ഡ്രൈവറായിരുന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി മുരുകാനന്ദനാണ് എസ്.സി/എസ്.ടി കമ്മീഷന് പരാതി നല്‍കിയത്. കഴിഞ്ഞ് ദിവസമാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നയാളുകൂടിയാണ് വിഷ്ണു. കഴിഞ്ഞ 12 വര്‍ഷമായി വിഷ്ണുവിന്റെ ഡ്രൈവറാണ് മുരുകാനന്ദ. തന്നെ ജാതിയധിക്ഷേപം നടത്തിയെന്നും മര്‍ദിച്ചുവെന്നുമാണ് പരാതി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ മുരുകാനന്ദ ഉന്നയിക്കുന്നത്. പട്ടിക ജാതി വിഭാഗക്കാരനായ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തി. സാമ്പത്തികമായി ഏറെ പിന്നോക്കം നിന്ന തന്നെകൊണ്ട് പാത്രം വൃത്തിയാക്കിക്കുക. എതിര്‍ കക്ഷിയുടെ ചെരിപ്പ് വൃത്തിയാക്കിക്കുക. കുട്ടികളുടെ മലവിസര്‍ജ്യം വാരിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം പുറം ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ ക്രൂരമായി മര്‍ദിക്കുക കൂടി ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.