കൊച്ചി : പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വിമര്‍ശനങ്ങളോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഹിഷ്ണുതയും പക്വതയും കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈഗോ വെടിഞ്ഞാല്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കുമെന്നും ഒന്നിച്ച് കോവിഡ് മഹാമാരിയെ നേരിടാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ബഹുമാനപ്പെട്ട കേരളത്തിന്റെ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് കുറേകൂടി പക്വതയും, ക്രിയാത്മകമായ വിമര്‍ശനങ്ങളോട് സഹിഷ്ണുതയും കാണിക്കണം. ഈ സര്‍ക്കാരിന് കോവിഡ് പ്രതിരോധങ്ങള്‍ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിന്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചര്‍ച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചര്‍ച്ചകളെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകാത്ത മനസ്സ് നല്ലതല്ല.
ഇന്നത്തെ തന്നെ ഉദാഹരണം നോക്കു, നിയമസഭയില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഡോ.എം.കെ മുനീര്‍ എം.എല്‍.എ നല്കിയ അടിയന്തിര പ്രമേയ നോട്ടീസ് പോലും സംസ്ഥാന സര്‍ക്കാരിനോട് ചേര്‍ന്ന് നിന്നുള്ളതായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ രൂക്ഷമായി വിമര്‍ശിച്ചും, സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുളള പിന്തുണ ഒരിക്കല്‍ കൂടി വ്യക്തമാക്കിയുമാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. എം.കെ മുനീര്‍ സഭയില്‍ ഉന്നയിച്ച, മന്ത്രി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ചില തെറ്റുകള്‍ ചൂണ്ടി കാണിച്ചത് കൂടി പറയാം.
1) വാക്‌സിന്‍ വിതരണത്തില്‍ അശാസ്ത്രിയത.
അത് ആരോഗ്യമന്ത്രി നിഷേധിച്ചാലും കേരളത്തില്‍ വാക്‌സിന്‍ ബുക്ക് ചെയ്ത എല്ലാവര്‍ക്കും ഇതിനോടകം ബോധ്യപ്പെട്ടതാണ്. വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെ തിക്കും തിരക്കും മറ്റൊരുദാഹരണം.
2) ജില്ലകളിലെ വിതരണത്തില്‍ അശാസ്ത്രീയമായ ഏറ്റക്കുറച്ചില്‍.
വാക്‌സിന്റെ വിതരണത്തിന്റെ ലിസ്റ്റും, ജില്ലകളിലെ കോവിഡ് രോഗികളുടെ ലിസ്റ്റും, ജില്ലകളിലെ ആകെ ജനസംഖ്യയും നോക്കുമ്പോള്‍ ഇത് ശരിയാണെന്ന് മനസിലാകും.
3) രണ്ടാം കോവിഡ് തരംഗത്തില്‍ നാം ഓടി നടന്നത് പോലെ മൂന്നാം തരംഗത്തില്‍ ഓടി നടക്കേണ്ടി വരരുത്. ഓക്‌സിജന്‍ ലഭ്യതയില്ലാതെയും, ആശുപത്രിയിലെ ചികിത്സ കിട്ടാതെയും, വെന്റിലേറ്റര്‍ കിട്ടാതെയും, ആംബുലന്‍സ് കിട്ടാതെയും മരിച്ച സാധുക്കള്‍ ഉദാഹരണം.
4) മരണ നിരക്ക് മറച്ച് വെക്കരുത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടുന്നില്ലായെന്നും, ഇത് സര്‍ക്കാര്‍ ക്രഡിറ്റിന് വേണ്ടി ചെയ്യുന്നതാണെന്നും പല ആരോഗ്യ വിദഗ്ദ്ധരും സംഘടനകളും പറയുന്നുണ്ട്. ഇതു കൊണ്ട് രണ്ട് അപകടങ്ങളാണ്. ഒന്ന്, മരണനിരക്ക് കുറവല്ലേയെന്ന് കരുതി ജനങ്ങളുടെ ജാഗ്രത കുറയുകയും, ഇത് പ്രതിരോധ പ്രവര്‍ത്തനത്തെ തകര്‍ക്കുകയും ചെയ്യും.
രണ്ട്, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും പ്രത്യേകിച്ച് മക്കള്‍ക്കും ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇത് നാച്ച്‌വറല്‍ ജസ്റ്റിസിന്റെ നിഷേധമാണ്.
ഈ പറയുന്നതില്‍ താങ്കള്‍ പറഞ്ഞത് പോലെ, എവിടെയാണ് ആരോഗ്യ പ്രവര്‍ത്തകരെ അപമാനിച്ചത്? എവിടെയാണ് കേരളത്തെ അപമാനിച്ചത്? കോവിഡ് പ്രതിരോധത്തിന്റെ യഥാര്‍ത്ഥ ക്രഡിറ്റ് അലമാരയില്‍ അടുക്കുന്ന അവാര്‍ഡുകളല്ല, രോഗം വരാത്ത ജനങ്ങളാണ്, അവരെ സംരക്ഷിച്ചു നിര്‍ത്തലാണ്.
ചാനല്‍ ചര്‍ച്ചകള്‍ നടത്തി കേരളത്തിന്റെ പൊതു ഇടത്തില്‍ ശ്രദ്ധ നേടിയ താങ്കള്‍ തന്നെ ചര്‍ച്ചകളോട് ഈ അസഹിഷ്ണുത കാണിക്കരുത്.
ഇന്ന് തന്നെ നോക്കു അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും വാക്കൗട്ട് ചെയ്യാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നിലപാടില്ലെ, അതാണ് ജനാധിപത്യം, അതാണ് ക്രിയാത്മകമം.
വീണാ ജോര്‍ജ്ജ് ഈഗോ വെടിയു പ്രതിപക്ഷം ഒപ്പം നില്ക്കും, നമ്മുക്കൊന്നിച്ച് ഈ മഹാമാരിയെ നേരിടാം.