പത്തനംതിട്ട : കേരള പി.എസ്.സി തൊഴിൽ അന്വേഷകരായ ചെറുപ്പക്കാരുടെ ആഗ്രഹങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് കെ.എസ് ശബരിനാഥൻ എം.എല്‍.എ പറഞ്ഞു. നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാറായിട്ടും ഒരു ലിസ്റ്റിൽ നിന്നും ഒരു നിയമനവും നടത്താൻ സർക്കാർ തയാറാകുന്നില്ല . ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പലരുടെയും പ്രായപരിധി കഴിയുകയാണ്.
ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ലിസ്റ്റിൽ ഉള്‍പ്പെടുത്തുകയും അർഹരായവരെ തഴയുകയും ചെയ്യുന്ന സർക്കാർ നടപടി അപലപനീയമാണെന്നും ശബരീനാഥ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പി.എസ്.സി ഓഫീസ് മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന് ശേഷം പി.എസ്.സി റാങ്ക് ഹോൾഡേഴ്സുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങൾ കേട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ജില്ലാ പ്രസിഡന്റ് എം. ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, സംസ്ഥാന ഭാരവാഹികളായ വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ഷിനി തങ്കപ്പൻ, ലക്ഷ്മി അശോക്, എം എം പി ഹസ്സൻ, അലക്സ് കോയിപ്പുറത്ത്, ജി മനോജ്, അനൂപ് വെങ്ങവിളയിൽ, ജിതിൻ നൈനാൻ, അനന്തു ബാലൻ, സാംജി ഇടമുറി, ജോയൽ മുക്കരണത്ത്, ജിജോ ചെറിയാൻ, അൻസാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.