പത്തനംതിട്ട : ബാബരി മസ്ജിദ് തകർത്ത പ്രതികളെ വെറുതെ വിട്ടതിലും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ഉപവാസ സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.
അഹിംസയെ ജീവിതവ്രതമാക്കി ഹിംസയ്ക്ക് എതിരെ പോരാടിയ മഹാത്മാവിന്റെ 151ആം ജന്മദിനത്തിൽ ജനാധിപത്യം ഹിംസിക്കപ്പെടുകയാണെന്ന് ശിവദാസൻ നായർ പറഞ്ഞു. ഗാന്ധി മൂല്യങ്ങൾ ഇല്ലാത്ത, ഗാന്ധി വീക്ഷണമില്ലാത്ത നവഭാരതമാണ് ആർ എസ് എസ് ലക്ഷ്യം വെയ്ക്കുന്നത്. സർക്കാർ സംവിധാനങ്ങളിൽ നീതി നിഷേധിക്കപ്പെടുമ്പോൾ നീതിയുടെ കാവലാളാകും എന്ന് കരുതപ്പെടുന്ന ജുഡീഷ്യറി, ഏകപക്ഷീയമായി നിലപാടുകൾ സ്വീകരിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇതിന് പ്രത്യക്ഷത്തിലുള്ള തെളിവാണ് ബാബരി മസ്ജിദ് പൊളിച്ച പ്രതികളെ വെറുതെ വിട്ടതിൽ കൂടി വെളിവാകുന്നതെന്ന് മുന്‍ എം.എല്‍.എ അഡ്വ.ശിവദാസൻ നായർ പറഞ്ഞു.
കെപിസിസി അംഗം പി.മോഹൻരാജ് നാരങ്ങാനീര് നൽകി സമാപന യോഗം ഉദ്ഘാടനം ചെയ്തു. ജോൺ വർഗീസ്, ജിബിൻ ചിറക്കടവിൽ, അലക്സാണ്ടർ, ബാസിത് താക്കറെ, അഭിജിത് സോമൻ എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എ സുരേഷ് കുമാർ, അബ്ദുൽ കലാം ആസാദ്, ഷാഫിക്ക് ആനപ്പാറ, ഷാനവാസ് പെരിങ്ങമല, ജിബിൻ ജോർജ്, ഷിയാസ്, നേജോ മെഴുവേലി, ജോമി വർഗീസ് നിധീഷ് ചന്ദ്രൻ, റിബിൻ, ഫൈസി എന്നിവർ പ്രസംഗിച്ചു.