അടൂര്‍ : പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കേണ്ട നോർക്ക പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിനായി യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് അടൂർ പ്രകാശ് എം. പി. പറഞ്ഞു. നോക്കുകുത്തിയായി സര്‍ക്കാര്‍ കൊണ്ടുനടക്കുന്ന ഈ സ്ഥാപനം പ്രവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. നോര്‍ക്കയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണെന്നും ഇന്നുവരെ എന്ത് എന്തുചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സ്വന്തം നാടും വീടും വിട്ട് ലോകത്തിന്റെ പല ഭാഗത്തും കുടുങ്ങിപ്പോയവര്‍ ഇന്ന് തീരാദുരിതമനുഭവിക്കുകയാണ്. ജനിച്ച നാട്ടില്‍ തിരികെ എത്തുവാന്‍ അപേക്ഷനല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ അവരെ എങ്ങനെയും ഇവിടെ കാലുകുത്തിക്കാതിരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികളെ മുഴുവന്‍ സ്വീകരിക്കുവാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറും പാഴ് വാക്കായിരുന്നെന്നും പിന്നീടുള്ള നടപടികള്‍ അത് ശരിവെക്കുന്നതായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശരിയായ ചികിത്സ കിട്ടാതെ ദിവസേന നിരവധി പ്രവാസികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണുവാന്‍ പോലും സാധിക്കുന്നില്ല. പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഉറക്കം നടിക്കുന്ന സര്‍ക്കാരിനെ ഉണര്‍ത്തുവാന്‍ യൂത്ത് കോൺഗ്രസ് പോലുള്ള സംഘടനകൾക്ക് കഴിയണം. ശക്തമായ പ്രതിഷേധ സമരത്തിലൂടെ മാത്രമേ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുവാന്‍ കഴിയുവെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാകമ്മറ്റിയുടെ പ്രവാസി രക്ഷാ മാർച്ച് ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണന് പതാക കൈമാറി കൊണ്ട് അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വിമൽ കൈതക്കൽ, ആബിദ് ഷെഹീം, കോൺഗ്രസ് നേതാക്കളായ പഴകുളം ശിവദാസൻ, ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജി മനോജ്, വിശാഖ് വെൻപാല, ജിതിൻ .ജി. നൈനാൻ, അലക്സ് കോയിപുറത്ത്, അനന്തു ബാലൻ, ഉണ്ണിക്കൃഷ്ണൻ ചൂരക്കോട്, ഗോപു കരുവാറ്റ, ഷിബു ചിറക്കടവ്, നിധീഷ് അനന്ദപ്പള്ളിഎന്നിവർ പരിപാടിയില്‍ പങ്കെടുത്തു.