കൊല്ലം : കെ.ബി.ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് പത്തനാപുരം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തി വീശി. സംസ്ഥാന നേതാക്കൾ അടക്കമുള്ളവർക്ക് പരുക്ക്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത ഉപരോധിക്കുന്നു.
വെള്ളിയാഴ്ച, വെട്ടിക്കവല കോക്കാട് ക്ഷീര ഉൽപാദക സംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ ഗണേഷ്കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. എംഎൽഎയുടെ മുൻ പിഎയും നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുമായ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലായിരുന്നു മർദനം. പരിപാടിയില്‍ പഞ്ചായത്ത് അംഗത്തെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.