പാലക്കാട്: വല്ലപ്പുഴയിൽ പന്നികളെ തുരത്താൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചതിൽ സ്ഥലത്തിന്റെ ഉടമ കീഴടങ്ങി. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിന് പിന്നാലെയാണ് വല്ലപ്പുഴ സ്വദേശി മൂസ പട്ടാമ്പി പോലീസിൽ കീഴടങ്ങിയത്. ചെറുകോട് ചോലയിൽ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്. വല്ലപ്പുഴ ഓവുങ്ങൽ തോട് പാടത്ത് വെളളിയാഴ്ച രാവിലെയാണ് ശ്രീകുമാറിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്നും മീൻ പിടിക്കാൻ ഓവുങ്ങൽ തോട് ഭാഗത്തേക്ക് പോയതായിരുന്നു.
രാവിലെയും വീട്ടിലേക്ക് എത്താത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തി പച്ചക്കറി കൃഷി ചെയ്യുന്ന പാടത്ത് പന്നികളെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മരിച്ച ശ്രീകുമാറിന്റെ കാലിൽ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു. പിന്നാലെ സ്ഥലം ഉടമ മൂസയ്ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ മൂസ ഒളിവിൽ പോയി. പൊലീസ് സമ്മർദം കടുപ്പിച്ചതിന് പിന്നാലെയാണ് കീഴടങ്ങിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ മൂസയെ റിമാൻഡ് ചെയ്തു.