ഏറ്റുമാനൂര്‍: അയല്‍വാസിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയില്‍ സൂരജിനെയാണ് (19) ഏറ്റുമാനൂര്‍ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തെള്ളകത്തെ സ്വകാര്യ ഹോട്ടലില്‍ ഡെലിവറി ബോയ് ആയിരുന്നു. 24ന് ഉച്ചയ്ക്കു 2നു ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പാഴ്സല്‍ കൊടുക്കാന്‍ പോയ സൂരജിനെ കാണാതാവുകയായിരുന്നു.
സുഹൃത്തിന്റെ സ്കൂട്ടറുമായാണ് സൂരജ് പോയത്. സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഹോട്ടല്‍ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൈതമല ജുമാമസ്ജിദിനു സമീപം 2 ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്കൂട്ടര്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കഴുത്തില്‍ കയര്‍ കെട്ടിയ ഭാഗവും കാല്‍ ഭാഗവും മറ്റും ജീര്‍ണിച്ച നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സത്യന്‍ – ഷൈമ ദമ്പതികളുടെ മകനാണ് സൂരജ്. സഹോദരി: സാന്ദ്ര.