കോലഞ്ചേരി : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വലയുന്ന വ്യാപാരികൾക്കും ജനങ്ങൾക്കും ആശ്വാസമേകി ഗ്രാമീണ ഹോം ഡെലിവറി സംരംഭവുമായി യുവാക്കൾ. കോലഞ്ചേരി സ്വദേശികളായ എൽദോസ് തങ്കച്ചൻ, ജോർജ് തോമസ് കോച്ചേരി, എൽദോസ് ജോൺ എന്നിവരാണ് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ പുത്തൻ സംരംഭത്തിനു തുടക്കം കുറിച്ചത്. ഉണ്ടായിരുന്ന ബിസിനസ് കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായതോടെയാണു മൂവരും ലോക്ക്ഡൗണിൽ പുതിയ ആശയവുമായി മുന്നോട്ടുവന്നത്.
മൊബൈൽ ആപ്ലിക്കേഷനിലൂടെയും വാട്സാപ്പിലൂടെയും ഓർഡർ സ്വീകരിച്ചു മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ, പാൽ, മുട്ട എന്നിവയാണു നാട്ടിലെ കടകളിൽ നിന്ന് ഇവർ വീടുകളിൽ എത്തിച്ചു നൽകുന്നത്. 1000 രൂപയിൽ കുറവു സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നു മാത്രമാണു തുച്ഛമായ തുക സർവീസ് ചാർജായി ഈടാക്കുന്നത്. നഗരങ്ങളിൽ മാത്രമുള്ള ഹോം ഡെലിവറി സേവനം ഗ്രാമങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇവർ ’ചൂസ് മൈ ഫ്രഷ്’ എന്ന പേരിൽ വെബ്സൈറ്റും ആപ്ലിക്കേഷനും തുടങ്ങിയത്. കോലഞ്ചേരി കേന്ദ്രീകരിച്ചു തിരുവാങ്കുളം, മുവാറ്റുപുഴ, വെങ്ങോല, പിറവം വരെയുള്ള സ്ഥലങ്ങളിലാണു നിലവിൽ ഇവരുടെ സേവനം.