മല്ലപ്പള്ളി : പുതുശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. പുതുശേരി – പുറമറ്റം റോഡില്‍ പുതുശേരി കവലയ്ക്കു സമീപം ആണ് അപകടം ഉണ്ടായത്. മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് വിട്ടില്‍ ജോസഫ് ജോര്‍ജിന്‍റെ മകന്‍ സിജോ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്. സിജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിനു സമീപത്തെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞായിരുന്നു അപകടം. സ്വകാര്യകമ്പനിയിലെ എന്‍ജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ നിര്‍മ്മാണ ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം.
വീട്ടില്‍ നിന്ന് സിജോയുടെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും എടുക്കാതിരുന്നതിനെ തുടര്‍ന്ന് കിഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലോക്കേഷന്‍ നോക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ റോഡിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സിജോയെ കണ്ടെത്തിയത്. പോലീസ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.