അയിരൂർ : ഹിന്ദുമത പരിഷത്തിന്റെ ഏഴാം ദിവസമായ ഇന്ന് (ശനി) രാവിലെ യൂത്ത് പാർലമെന്റ്, ആധ്യാത്മിക പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടന്നു.
ദിവ്യംഗ് ഫൗണ്ടേഷൻ ഡയറക്ടർ പ്രജിത് ജയപാൽ യൂത്ത് പാർലമെന്റ് ഉത്ഘാടനം ചെയ്തു. ഭിന്നശേഷി ഒരു അവസ്ഥ അല്ലെന്നും ക്ഷീണാവസ്ഥ എല്ലാവർക്കും ഉണ്ടാകുമെന്നും അതിനെ അതിജീവിക്കാൻ നമുക്ക് സാധിക്കണമെന്നും പ്രജിത് ജയപാൽ പറഞ്ഞു. സ്ക്കൂൾ തലം മുതൽ അവബോധം ഉണ്ടാവണം. വരുന്ന അവസരങ്ങൾ തക്കത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സനാതന ധർമ്മം സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്നതാണെന്നും ലോക നന്മക്കായി പ്ലാസ്റ്റിക്ക് മുക്ത ഭൂമി സ്വപ്നം കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ടി പി ശശികുമാർ മോട്ടിവേഷൻ പ്രഭാഷണം നടത്തി. ടെക്നോളജി ഉപയോഗിക്കാൻ പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തെ അറിയുകയും അറിവ് പ്രവൃത്തിയിൽ വരുത്തുകയും ചെയ്യണം. അഭിരുചി ഉണ്ടാവണം, അവസരങ്ങൾ ഉപയോഗിക്കണം, അലസ ഭാവം മാറി ധൈര്യം, ബുദ്ധി, ശക്തി എന്നീ ഗുണങ്ങൾ ആർജിക്കണമെന്നും മോട്ടിവേഷൻ ക്ലാസിൽ അദ്ദേഹം പറഞ്ഞു. ഹിന്ദു മത മഹാമണ്ഡലം എക്സിക്യുട്ടീവ് കമ്മറ്റി അംഗം ശ്രീകുമാർ ഇരുപ്പക്കാട്ട്, ജനറൽ കമ്മറ്റി അംഗം വി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.