കാവാലം: ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാവാലം കോച്ചേരില്‍ ബിജിയുടെ മകന് അജിത് (23), ആറ്റുകടവില്‍ സജിയുടെ മകന് അരവിന്ദ് (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി മുളയ്ക്കാംതുരുത്തി വാലടി റോഡില്‍ നാരകത്ര സ്കൂള്‍ ജങ്ഷന് സമീപത്തായിരുന്നു അപകടം.
ബൈക്കില്‍ ഇരുവരും ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്നതിനിടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബൈക്ക് സ്വകാര്യവ്യക്തിയുടെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്കാണ് തെറിച്ചുവീണത്. അപകടത്തില്‍ മതിലും തകര്‍ന്നു.
ഗുരുതര പരിക്കേറ്റ് റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ഇരുവരെയും നാട്ടുകാര്‍ അതുവഴി വന്ന വാഹനത്തില്‍ കയറ്റി ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത് മരിച്ചിരുന്നു. തുടര്‍ന്ന് അരവിന്ദനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഉഷയാണ് അജിത്തിെന്റ മാതാവ്. സഹോദരി: അശ്വതി. അരവിന്ദന്റെ മാതാവ്: അംബിക. സഹോദരന്: അപ്പു.