ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു വിദ്യാർത്ഥിയോട് അവന്റെ സ്കൂൾ പഠന കാലഘട്ടത്തിൽ ആരാകണം എന്ന് ചോദിച്ചാൽ ഡോക്ടറാകണം, എൻജിനീയറാകണം, കളക്ടർ ആകണം അങ്ങനെ സ്ഥിരം കേൾക്കുന്ന ചില വാചകങ്ങൾ ഉണ്ടായിരുന്നു. സ്കൂളുകൾ വിട്ട് വന്നതിനുശേഷം അയൽപക്കത്തെ കൂട്ടുകാരുമൊത്ത് മണ്ണപ്പം ചുട്ടു കളിച്ചും തമ്മിൽ ഇണങ്ങിയും പിണങ്ങിയും നടന്നിരുന്ന ഒരു കാലഘട്ടം. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന അമ്മയോടൊപ്പം പോയി കൂട്ടുകാരുടെ വിശേഷങ്ങളും പരാതിയും പരിഭവങ്ങളും പറഞ്ഞിരുന്ന ഒരു കാലഘട്ടം. എന്നാല്‍ ആ കാലഘട്ടങ്ങൾക്ക് നൂതന സാങ്കേതികവിദ്യ കൊണ്ടൊരു തിരശ്ശീല വീണു.
പറഞ്ഞുവരുന്നത് നമ്മെ നാമല്ലാതെ മറ്റാരോ ആകാൻ പഠിപ്പിക്കുന്ന മറ്റാരുടെയോ ചിറകുകൾ നമ്മുടെ മേൽ വെച്ച് തരുന്ന ചില സാമൂഹിക മാധ്യമങ്ങളെക്കുറിച്ചാണ്. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവയിൽ ലോകത്തെ തേടുന്ന മനുഷ്യന് മേൽപ്പറഞ്ഞ കാലഘട്ടത്തിലെ ഓർമ്മകളൊക്കെയും വെറും മുത്തശ്ശി കഥകൾ മാത്രമാണ്. ഈ സാമൂഹിക മാധ്യമങ്ങളൊക്കെയും അടിമുടി നിയന്ത്രിക്കണം അല്ലെങ്കിൽ എടുത്തു മാറ്റണം എന്നല്ല പറയുന്നത്. ഇവയൊക്കെയും ലോകത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ചവയാണ്. നല്ലതിനായി ഉപയോഗിക്കേണ്ട ഈ മാധ്യമങ്ങളിൽ എന്തും ചെയ്യാം, ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യവും ആത്മവിശ്വാസവും സമൂഹത്തെ ആകെ വലിയ വിപത്തിലേക്കാണ് തള്ളിവിടുന്നത്. അല്പനാൾ മുമ്പ് വരെ ഇന്ത്യയിൽ ഏറ്റവുമധികം ഉള്ളത് എൻജിനീയർമാരാണെന്നായിരുന്നു പൊതുവെ ഉള്ള ധാരണ. എന്നാൽ അത് തിരുത്തിക്കുറിക്കാൻ യൂട്യൂബിലൂടെ യൂട്യൂബര്‍മാരുടെ കടന്നു വരവായി. കൂണുകൾ മുളച്ചു പൊങ്ങുന്നത് പോലെ പ്രായഭേദമെന്യേ ആയിരക്കണക്കിന് ആളുകളാണ് ഇവിടേയ്ക്ക് കടന്നുവരുന്നത്.
സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ ഒരു മാധ്യമമാണ് യൂട്യൂബ് എന്നതിൽ സംശയമില്ല. ചില യൂട്യൂബര്‍മാരുടെ കണ്ടെന്റുകൾ സമൂഹത്തിന് ആവശ്യമുള്ളവയുമാണ്, മാതൃകാപരവുമാണ്. എന്നാൽ മറുവശത്തു ആവിഷ്കാര സ്വാതന്ത്ര്യത്തെ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്നതും ഇവരിൽ ചിലരാണ് . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും അശ്ലീലതയോടെ ചിത്രീകരിക്കുന്ന, ഒരു വലിയ ജനതയ്ക്ക് മുൻപിൽ നടുറോഡിൽ നിന്നുകൊണ്ട് തെറിപ്പാട്ടുകൾ പാടുന്ന, യാതൊരു കൂസലും കൂടാതെ മോശം വാക്കുകൾ വിളിച്ചുപറയുന്ന ഏതാനും ചിലർ മാത്രം മതിയാകും ഇതിന് ഉദാഹരണമായി. മുൻപ് സൂചിപ്പിച്ചതുപോലെ ഇക്കാലത്തെ വിദ്യാർത്ഥികളോട് ആരാകണം എന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളും പറയുന്നത് തനിക്കൊരു യൂട്യൂബർ ആവണം എന്നതാണ്. അത്രമാത്രം പോസിറ്റിവായും നെഗറ്റീവ് ആയും സമൂഹത്തെ സ്വാധീനിക്കാൻ ഇവർക്ക് സാധിച്ചു. കഴിഞ്ഞ ദിവസം തൊപ്പി എന്ന യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഏറ്റവും അധികം പ്രതിഷേധിച്ചവർ 18 വയസിൽ താഴെ ഉള്ളവർ തന്നെയാണ്. ഈ ആരാധനയെ നാം ഭയക്കേണ്ടിയിരിക്കുന്നു.
കാരണം പരന്നുകിടക്കുന്ന ലോകത്തിൽ ‘ഹലോ ഗയ്‌സ്…..’ എന്ന ഒരു വാക്കിലേക്കാണ് പുതുതലമുറ ഒതുങ്ങുന്നത്. നല്ല കണ്ടന്റ്റുകൾ യാതൊരു എതിർപ്പും കൂടാതെ ഈ ലോകം മുഴുവനും ഇരുകൈകൾ നീട്ടി തന്നെ സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവര്‍ പോലും യൂട്യൂബിന്റെ കടന്നുവരവിലൂടെ പാചക വിദഗ്ധരായി മാറിയതും നമ്മുടെ മുമ്പിലുണ്ട്. ഈ മാധ്യമത്തിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് ദരിദ്രന്റെ വിശപ്പ് മാറ്റുന്നവരുമുണ്ട്. എന്നാൽ തങ്ങൾക്ക് ചുറ്റും നടക്കുന്നത് എന്തും മറ്റുള്ളവരുടെ വികാരങ്ങളെ പോലും വ്രണപ്പെടുത്തി കണ്ടെന്റ് ആക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് പണം, രണ്ട് പ്രശസ്തി. ചുരുക്കിപ്പറഞ്ഞാൽ ടോക്സിസിറ്റി വിറ്റ് പണം ആക്കുന്നവർ.
പണം എല്ലാവർക്കും വളരെ അത്യാവശ്യമാണ്. എന്നാൽ എപ്രകാരം അവനേടുന്നു എന്നതിലാണ് അതിന്റെ ഫലം. ലോകത്തിലെ 9.2 ശതമാനം ആളുകൾ ദാരിദ്രരായി തുടരുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വലിച്ചെറിയുന്ന മാലിന്യത്തിൽ നിന്ന് പോലും അര വയർ നിറക്കാൻ വെമ്പുന്ന ജനതക്ക് മുമ്പിൽ വലിയ അളവ് ഭക്ഷണം തറയിൽ വലിച്ചെറിഞ്ഞും പാഴാക്കിയും കണ്ടന്റ് എന്ന പേരിൽ കോപ്രായങ്ങൾ കാണിക്കുന്നവരും ഇവിടെയുണ്ട്. സ്വന്തം സ്വകാര്യത പോലും സമൂഹത്തിന് മുമ്പിൽ പ്രദർശിപ്പിക്കുന്നതിന്റെ പേരും കണ്ടന്റ് തന്നെ. പണ്ട് മുതിർന്നവർ പറയാറുള്ളത് പോലെ അധികമായാൽ അമൃതും വിഷമാണ്.