ആഡ് ബ്ലോക്കുകൾ ഉപയോഗിച്ച് യൂട്യൂബ് ആസ്വദിക്കുന്ന ഉപഭോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പദ്ധതി തയ്യാറാക്കി യൂട്യൂബ്. ഇത്തരത്തിലുള്ള ഉപയോഗം തടയാനായി നിരവധി തവണ ഉപഭോക്താക്കൾക്ക് യൂട്യൂബ് ആദ്യഘട്ടത്തിൽ സന്ദേശം അയയ്ക്കും. വ്യാപകമായി ഉപഭോക്താക്കൾ ആഡ് ബ്ലോക്കുകൾ ഉപയോഗിക്കുന്നതിനാലാണ് പുതിയ നയം നടപ്പിലാക്കാൻ യൂട്യൂബ് തയ്യാറെടുക്കുന്നത്. ആദ്യം ചില അറിയിപ്പുകൾ ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് നൽകയിതിന് ശേഷം മാത്രമായിരിക്കും കടുത്ത നടപടികളിലേക്ക് യൂട്യൂബ് നീങ്ങുക. ആഡ് ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിങ്ങൾ വീഡിയോകൾ കാണുന്നതെങ്കിൽ നിങ്ങൾക്ക് ഒരു ദിവസം മൂന്ന് വീഡിയോകൾ മാത്രം കാണാൻ ആയിരിക്കും യൂട്യൂബ് അനുവാദം നൽകുക.
ഇതിന് ശേഷം യൂട്യൂബിലേക്കുള്ള ആക്‌സസ് നഷ്ടമാകും. എന്നാൽ ആഡ് ബ്ലോക്കുകൾ പ്രവർത്തനരഹിതമാക്കിയതിന് ശേഷവും ചില ഉപഭോക്താക്കൾക്ക് യൂട്യൂബ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. യൂട്യൂബ് തുറക്കുമ്പോൾ ആഡ് ബ്ലോക്കറുകൾ നീക്കം ചെയ്യണം എന്ന സ്‌ക്രീൻ ആണ് കാണിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെയും ഇത്തരത്തിൽ ആഡ് ബ്ലോക്കുകൾക്ക് എതിരെ യൂട്യൂബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഒരു നടപടി സ്വീകരിക്കുന്നത് ഇത് ആദ്യമായാണ്. സന്ദേശങ്ങൾ ആവർത്തിച്ച് അവഗണിച്ചാൽ നിങ്ങൾ യൂട്യൂബിൽ നിന്ന് ബ്ലോക്ക് ആകും. പിന്നീട് യൂട്യൂബ് സേവനം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് മുന്നിൽ രണ്ട് വഴിയാണ് ഉള്ളത്. ഒന്ന് നിങ്ങളുടെ ആഡ് ബ്ലോക്കുകൾ പ്രവർത്തനരഹിതമാക്കുക. രണ്ട് യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുക. 129 രൂപ മുതൽ പ്രതിമാസം നൽകി യൂട്യൂബ് പ്രീമിയം ആസ്വദിക്കാനാകും. ഇതിന് പുറമെ അഞ്ച് അംഗങ്ങൾക്ക് പ്രീമിയം ആസ്വദിക്കാനുള്ള 179 മുതലുള്ള പ്ലാനുകളും യൂട്യൂബ് അവതരിപ്പിച്ചുണ്ട്. ഇത്തരത്തിൽ പ്രീമിയം എടുത്തു കഴിഞ്ഞാൽ പിന്നെ പരസ്യങ്ങളുടെ ശല്യം നിങ്ങൾക്ക് ഉണ്ടാകില്ല.