ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഏറെ ഇഷ്ടമുള്ള വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വർഷങ്ങളായി പ്രവർത്തിക്കുന്ന യൂട്യൂബിനെ ആശ്രയിച്ചാണ് പലരും പല വീഡിയോകൾ തിരയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം ആയി ഒരുപക്ഷെ നമ്മുക്ക് യൂട്യൂബിനെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിലവലിൽ അത്ര രസകരമല്ലാത്ത വാർത്തകളാണ് യൂട്യൂബിന്റെ ഭാഗത്ത് നിന്ന് വരുന്നത്. യൂട്യൂബിന്റെ തന്നെ ഷോർട്ട് വീഡിയോ വിഭാഗമായ യൂട്യൂബ് ഷോർട്സ് തന്നെയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് വിനയായിരിക്കുന്നത്. ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചതിനെ തുടർന്ന് 2020 ൽ ആയിരുന്നു യൂട്യൂബ് ഷോർട്സിനെ അവതരിപ്പിച്ചത്. ഇത് വിജയമായതിനെ തുടർന്ന് പിന്നീട് 2021-ൽ ആഗോളതലത്തിൽ ഷോർടിനെ പുറത്തിറക്കി. ഇതോടെ ലോകമെമ്പാടും തന്നെ ഷോർട്സിന് ജനപ്രീതി ലഭിച്ചു. തുടർന്ന് ടിക് ടോക്ക്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയ്ക്ക് വലിയ വെല്ലുവിളി ഉയർത്താനും ഷോർട്സിന് സാധിച്ചു.
എന്നാൽ ഇപ്പോൾ ഷോർടിന്റെ പ്രവർത്തനം യൂട്യൂബിനെ വലിയ രീതിയിൽ ബാധിക്കുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂട്യൂബിന്റെ പ്രധാന ബിസിനസ് ആയിരുന്നു ദൈർഘ്യമേറിയ ഉള്ളടക്കമുള്ള വീഡിയോകൾ. എന്നാൽ ഷോർട്സ് വന്നതിൽ പിന്നെ ദൈർഘ്യമേറിയ വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിനാൻഷ്യൽ ടൈംസ് എന്ന മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും കൊണ്ടുവരുന്ന ദൈർഘ്യമേറിയ വീഡിയോകളുടെ വരുമാനം ഷോർട്സ് ഇല്ലാതെയാക്കുമെന്ന് യൂട്യൂബ് ജീവനക്കാർ ഭയപ്പെടുന്നു എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഷോർട്സിന് കാഴ്ചക്കാര് ഉണ്ടെങ്കിലും ഇതിൽ നിന്ന് കമ്പനിയ്ക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ല. പ്രധാന വരുമാനം ലഭിക്കുന്ന ദൈർഘ്യമേറിയ വീഡിയോകൾ കാണുന്ന കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവും റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി അറിയിച്ച് ജീവനക്കാർ രംഗത്ത് വന്നിരിക്കുന്നത്.
കമ്പനിയുടെ പുതിയ പ്രതിസന്ധിയെക്കുറിച്ച് യൂട്യൂബ് സ്ട്രാറ്റജി മീറ്റിംഗുകളിലും ചർച്ചകൾ നടന്നിരുന്നു. പരസ്യ വരുമാനം ആണ് യൂട്യൂബിന്റെ പ്രധാന വരുമാനം. എന്നാൽ ദൈർഘ്യമേറിയ വീഡിയോകളിൽ മാത്രമാണ് പരസ്യങ്ങൾ നൽകാൻ സാധിക്കുന്നത്. ഒരു മിനുറ്റിന് താഴെയുള്ള ഷോർട്സ് വീഡിയോകളിൽ പരസ്യം നൽകാൻ സാധിക്കില്ല. ഇതാണ് നിലവിൽ കമ്പനി അഭിമുഖികരിക്കുന്ന പ്രശ്നത്തിന്റെ മൂലകാരണം. ഇതിന് പുറമെ ഇൻസ്റ്റഗ്രാം റീൽസ്, ടിക്ക് ടോക്ക് എന്നിവയും കമ്പനിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ ഷോർട്ട്സിൽ നിന്ന് കൂടുതൽ പരസ്യ വരുമാനം എങ്ങനെ കണ്ടെത്താം എന്ന ശ്രമത്തിലാണ് യൂട്യൂബ്. ചിലപ്പോൾ പത്ത് മിനുറ്റ് വരെ നീണ്ട് നിൽക്കുന്ന ഷോർട്സ് വീഡിയോയെക്കുറിച്ച് കമ്പനി ചിന്തിക്കാനും സാധ്യത ഉണ്ട്. കാരണം അടുത്തിടെ റീൽസിൽ ഇത്തരത്തിൽ പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോകൾ അനുവദിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ സംഭവിച്ചാൽ ഇതേ ഫീച്ചർ ഷോർട്സും നടപ്പിലാക്കിയേക്കാം.
2020മുതൽ ദൈർഘ്യമേറിയ വീഡിയോകൾക്ക് കാഴ്ചക്കാർ കുറയുന്നു എന്നാണ് യൂട്യൂബിന്റെ തന്നെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേ സമയം ജനപ്രീതി വർധിച്ചതിനാൽ യൂട്യൂബിന് ഷോർട്സിനെ ഒഴിവാക്കാനും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. ഷോർട്സിന്റെ പ്രാരംഭ വിജയത്തിൽ കമ്പനി സന്തുഷ്ടരാണ് എന്നാണ് അറിയിച്ചിരുന്നത്. കാഴ്ചക്കാരെ വ്യത്യസ്ത ഫോർമാറ്റുകളിലേക്കുള്ള വീഡിയോയിലേക്ക് കണ്ണെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ യൂട്യൂബ് ജീവനക്കാർ. വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന കൂടുതൽ ഫീച്ചറുകൾ പരിജയപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ വരുമാനം വർധിപ്പിക്കാനായി എഐയുടെ സഹായവും യൂട്യൂബ് തേടുന്നുണ്ട്. ഇത് വികസിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ഇരിക്കുകയാണ്. അതേ സമയം കമ്പനിയ്ക്ക് നേട്ടമുണ്ടാക്കാനായി ഗൂഗിൾ അതിന്റെ ബിസിനസ്സിൽ മറ്റെവിടെയെങ്കിലും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂട്യൂബിന്റെ ദൈർഘ്യമേറിയ വീഡിയോകൾക്ക് ഒപ്പം ഷോർട്സിനേയും ഗൂഗിൾ ഒരേപോലെ പ്രോത്സാഹിപ്പിച്ചേക്കാം. കൂടാതെ ഷോർട്ട്‌സിന്റെ സ്രഷ്‌ടാക്കളിൽ കൂടുതൽ നിക്ഷേപം നടത്തുകയും പ്ലാറ്റ്‌ഫോമിനായി എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം സൃഷ്‌ടിക്കുന്നതിന് അവർക്ക് പ്രോത്സാഹനങ്ങൾ നൽകും. ഷോർട്സിൽ പ്രവർത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിന് വലിയ വീഡിയോകൾ നിർമ്മിക്കാനുള്ള പ്രചോദനവും കമ്പനി നൽകുന്നതാണ്. ഇവർക്ക് ഷോർട്സ് ആയും ദൈർഘ്യമേറിയ വീഡിയോ ആയും കണ്ടന്റ് നിർമ്മിക്കാനുള്ള അവസരം നൽകിയേക്കും.