തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.
ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കടല്‍ത്തീരത്തേക്ക് എന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ പുതുകുറിച്ചിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ച് വയസില്‍ താഴെ പ്രായമുള്ള യുവതിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു.
വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പോലീസിനെ അറിയിച്ചതും. പോലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്. ഇത്തരം സംഭവങ്ങള്‍ പ്രബുദ്ധ കേരളത്തിന്റെ മൂല്യ ബോധങ്ങളെ അപമാനിക്കുന്നതാണെന്നും യുവതിയെ സന്ദര്‍ശിച്ചു വേണ്ട നിയമാസഹായങ്ങള്‍ ചെയ്യുമെന്നും ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേസിലെ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അറിയിച്ചു.