ഹരാരെ : സിംബാബ്വെയുടെ ഇതിഹാസ താരം ബ്രണ്ടൻ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇന്ന് നടക്കുന്ന അയർലൻഡിനെതിരായ മത്സരത്തോടെ താരം ക്രിക്കറ്റിനോട് വിടപറയും. 2004 ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലൂടെ സിംബാബ്വെയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ടെയ്ലർ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. 34 കാരനായ ടെയ്ലർ 204 ഏകദിന മത്സരങ്ങളിൽ നിന്നായി 6677 റൺസ് എടുത്തിട്ടുണ്ട്. 11 തവണ സെഞ്ചുറി നേടി. 145 റൺസാണ് ഉയർന്ന സ്കോർ.
ഇന്ന് നടക്കുന്ന മത്സരത്തിൽ 112 റൺസ് നേടാനായാൽ സിംബാബ്വെയ്ക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡ് ടെയ്ലർക്ക് സ്വന്തമാകും. നിലവിൽ ആൻഡി ഫ്ലവറിന്റെ പേരിലാണ് ഈ റെക്കോഡ്. വളരെ വിഷമത്തോടെ ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. സിംബാബ്വെ ടീമിനൊപ്പമുള്ള 17 വർഷങ്ങൾ ഞാനെന്നുമോർക്കും. ഇത്രയും കാലം ടീമിന് വേണ്ടി കളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ടീമിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിച്ചത്. എല്ലാവർക്കും നന്ദി-ടെയ്ലർ പറഞ്ഞു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ടെയ്ലർ 34 ടെസ്റ്റ് മത്സരങ്ങളും 44 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 2320 റൺസും ട്വന്റി 20 യിൽ 859 റൺസും സ്വന്തമാക്കിയിട്ടുണ്ട്.