തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആരംഭിച്ച സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സൂംബാ അസോസിയേഷന്റെ പ്രതിഷേധ സൂംബ. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സൂംബ ഫ്‌ലാഷ് മോബ് അരങ്ങേറി. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പങ്കെടുത്തു. വർക്കൗട്ടായോ വ്യായാമമായോ മാത്രം കാണേണ്ട സൂംബ ഡാൻസിനെതിരെ മുംസ്ലിം സംഘടനകൾ കൂട്ടത്തോടെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം.
സ്‌കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ച സൂംബ പരിശീലനം ശരിയായ സന്ദേശമല്ല നൽകുന്നതെന്നും വിദ്യാർത്ഥികളുടെ മൗലികാവകാശത്തിന് നേരെയുള്ള ലംഘനമാണെന്നുമായിരുന്നു മുസ്ലീം സംഘടനകളുടെ വിമർശനം. കൃത്യമായ പരിശീലനം ലഭിച്ചവരല്ല, സൂംബ ഇൻസ്ട്രക്ടർമാരെന്നും വിമർശനം ഉയർന്നതിനെ തുടർന്നാണ് അസോസിയേഷൻ ഒറ്റക്കെട്ടായി പ്രതിഷേധവുമായി എത്തിയത്. ഒരു ഫിറ്റ്നസ് കാർഡിയോ വർക്കൗട്ട് ആയി കാണേണ്ട പദ്ധതിയെ വസ്ത്രധാരണത്തിന്റെയും ഡിജെ പരിപാടിയെന്ന് ആക്ഷേപിച്ചും മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ചാണ് സുംബാ അസോസിയേഷന്റെ സൂംബാ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.