ന്യൂഡല്‍ഹി: പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാര്‍ഡ് ജേതാവായ ബാബ ശിവാനന്ദ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് വാരണാസിയില്‍ അന്തരിച്ചു. ബാബയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. 128 വയസായിരുന്നു. യോഗ പരിശീലകനും കാശി സ്വദേശിയുമായ ശിവാനന്ദ് ബാബാജിയുടെ വിയോഗത്തെക്കുറിച്ച് കേള്‍ക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്ക്കും സാധനയ്ക്കും വേണ്ടി സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറയ്ക്കും പ്രചോദനമാണ്. ശിവാനന്ദ് ബാബയുടെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഏപ്രില്‍ 30നാണ് ആരോഗ്യപ്രശ്നങ്ങളോടെ ബിഎച്ച്യു ആശുപത്രിയില്‍ ബാബ ശിവാനന്ദിനെ പ്രവേശിപ്പിച്ചത്. യോഗയിലൂടെ സമൂഹത്തിന് നല്കിയ അസാധാരണ സംഭാവനകള്‍ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നത്തെ ബംഗ്ലാദേശിലെ സില്‍ഹെറ്റ് ജില്ലയിലാണ് 1896 ഓഗസ്റ്റ് 8ന് ബാബ ശിവാനന്ദ് ജനിച്ചത്. പട്ടിണി മൂലം മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ആറാം വയസില്‍ അനാഥനായ അദ്ദേഹത്തെ ഓംകാര്‍നന്ദ് ഏറ്റെടുക്കുകയും ആത്മീയ ഗുരുവായി മാറുകയും ചെയ്തു. യോഗ, സന്യാസ മേഖലകളില്‍ ഓംകാര്‍നന്ദ് അദ്ദേഹത്തിന് വഴികാട്ടുകയും ചെയ്തു.