ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇരുവരുടെയും അടുത്ത സൗഹൃദം ഇന്ത്യയ്ക്കും ആഗോള സ്ഥിരതയ്ക്കും ദോഷം ചെയ്യുന്നതാണ് എന്നാണ് ഖര്‍ഗെയുടെ പരിഹാസം. പ്രധാനമന്ത്രി മോദി രാജ്യത്തെ നശിപ്പിക്കുകയാണ്. ട്രംപ് ലോകത്തെയാകെയും നശിപ്പിക്കുകയാണ്. ഒരാള്‍ രാജ്യത്തെ നശിപ്പിക്കുമ്പോള്‍ മറ്റേയാള്‍ ലോകത്തെ നശിപ്പിക്കുന്നു. എന്നിട്ട് ഇരുവരും മൈ ഗുഡ് ഫ്രണ്ട്, മൈ ഗുഡ് ഫ്രണ്ട് എന്ന് പറഞ്ഞ് നടക്കുകയാണ്’ഖര്‍ഗെ പറഞ്ഞു.
മോദിയും ട്രംപും തമ്മിലുളള ബന്ധം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നും ഖര്‍ഗെ ആരോപിച്ചു. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നില്ല എങ്കില്‍ എണ്ണവില ഇത്രയധികം ഉയരുമായിരുന്നില്ല എന്നും ട്രംപുമായുളള ബന്ധം കാരണം മോദി ഇന്ത്യയുടെ പരമ്പരാഗത വിദേശനയ സമീപനം ഉപേക്ഷിച്ചുവെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണള്‍ഡ് ട്രംപിനെ സുഹൃത്തായാണ് കാണുന്നത്. അതുകൊണ്ട് അദ്ദേഹം നമ്മുടെ ചേരിചേരാ നയം ഉപേക്ഷിച്ചു. നെഹ്‌റുവിന്റെ കാലത്ത് നമ്മള്‍ നിഷ്പക്ഷരായിരുന്നു. ആ നിഷ്പക്ഷത നമ്മെ സഹായിച്ചിരുന്നു. എല്ലാവരും നമുക്കൊപ്പം നിലകൊണ്ടിരുന്നു’: ഖര്‍ഗെ പറഞ്ഞു.




























