ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്ന, യുറ്റ്യൂബർമാരായ രൺവീർ അലഹബാദിയ, ആശിഷ് ചഞ്ച്ലാനി എന്നിവർക്ക് മൂന്നു ലക്ഷം രൂപവീതം പിഴചുമത്തി സുപ്രീംകോടതി. ഇവരെ സ്വയംപ്രഖ്യാപിത യൂത്ത് ഐക്കണുകൾ എന്ന് രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. റെയ്നയുടെ ഷോയിലേക്ക് ഭിന്നശേഷിക്കാരെ ക്ഷണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും പാലിക്കാതിരുന്നതിനാണു നടപടി. റെയ്ന കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവ് പാലിച്ചുവെന്നുകാട്ടി തെറ്റായ സത്യവാങ്മൂലം നൽകിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് പുറത്തിരിക്കുന്ന ഹാസ്യതാരങ്ങൾ കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നാണു കരുതുന്നത്.
ഇത് അഹങ്കാരമല്ലെങ്കിൽ ആ വാക്കിന്റെ അർഥം നിഘണ്ടുവിൽനിന്ന് മാറ്റിയെഴുതേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്യുവർ എസ്.എം.എ. ഇന്ത്യാ ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. എസ്.എം.എ. രോഗചികിത്സയ്ക്കുള്ള ഉയർന്ന ചെലവിനെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയെന്നാണ് റെയ്നക്കെതിരായ ആരോപണം. തുടർന്ന്, ഭിന്നശേഷിക്കാരുടെ ചികിത്സാ സഹായധനത്തിനായി അവരുടെ വിജയഗാഥകളെക്കുറിച്ച് മാസത്തിൽ രണ്ടു പരിപാടികൾ നടത്തണമെന്ന് പ്രതികളായ ഹാസ്യതാരങ്ങളോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ചവരടക്കം ഭിന്നശേഷിക്കാരെക്കുറിച്ചുള്ള മോശം തമാശകൾക്ക് പ്രായശ്ചിത്തമായാണ് പരിപാടികൾക്കുള്ള നിർദേശം നൽകിയത്. ഭിന്നശേഷിക്കാരായാവരെ അവരുടെ വേദിയിലെത്തിക്കാനും കോടതി പറഞ്ഞു. എന്നാൽ ഇത് പാലിക്കാൻ തയ്യാറാവാത്തതിനെത്തുടർന്നാണ് ഇവർക്കു പിഴ ചുമത്തിയത്.






























